കൂടത്തായികൊലപാതക പരമ്പര ഷാജുവിനേയും ജയശ്രീയെയും ചോദ്യം ചെയ്യുന്നു

മരിച്ച ടോം തോമസിന്റെ മകനും റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസ് നാട്ടിലെത്തി

0

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. വടകര റൂറല്‍ എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.അതേസമയം,കൊലപാതകങ്ങൾ അരങ്ങേറിയ പൊന്നാമറ്റം വീട്ടില്‍ ഇന്ന് എസ്പി ഡോ. ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ വിദഗ്ദ സംഘം പരിശോധനക്കെത്തും. വിരലടയാള വിദഗ്ദര്‍, വിഷ ശാസ്ത്ര വിദഗ്ദര്‍, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.

കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനും റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസ് നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് അമേരിക്കയില്‍ നിന്ന് ദുബായി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തിയത്. പൊലീസ് അകമ്പടിയോടെയാണ് റോജോയെ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കോട്ടയത്ത് താമസിക്കുന്ന ഷീനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. നിലവില്‍ ആല്‍ഫൈന്റെ മരണം അന്വേഷിക്കുന്ന തിരുവമ്പാടി സിഐയാണ് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി രേഖപ്പെടുത്തിയത്.

ആല്‍ഫൈന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു എന്ന ജോളിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ആല്‍ഫൈന്റെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുഞ്ഞിന് താനാണ് ഭക്ഷണം നല്‍കിയതെന്നും ജോളി വിഷം കലര്‍ത്തിയിരുന്നതായി അന്നൊന്നും സംശയം തോന്നിയിരുന്നില്ലെന്നും ഷീന പൊലീസിന് മൊഴി നല്‍കി.ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാറായ ജോളിയുടെ സുഹൃത്ത് ജയശ്രീയുടെ മൊഴിയും ഇന്നെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവാണ് മൊഴിയെടുക്കുക. വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി

You might also like

-