ഒത്തുതീർപ്പ് ,നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് റദ്ദാക്കി
നടന്‍ മാപ്പ് പറഞ്ഞതിനാല്‍ പരാതി പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് എഫ്ഐആര്‍ റദ്ദാക്കിയത്.
കൊച്ചി | ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടി. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അവതാരക ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടന്‍ മാപ്പ് പറഞ്ഞതിനാല്‍ പരാതി പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് എഫ്ഐആര്‍ റദ്ദാക്കിയത്.
കേസ് റദ്ദാക്കണെന്ന് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിരുന്നു. ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് നേരത്തെ സ്റ്റേ ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തക ഒപ്പിട്ടു നൽകുകയും ചെയ്തു.
പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവർ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സ്‌റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.