സൗമ്യയുടെകൊലനടക്കുമ്പോൾ അജാസിനൊപ്പം മറ്റൊരാൾ കൂടി?
ബന്ധുക്കൾ ആദ്യം നൽകിയ മൊഴിയിൽ ഈ കാര്യം പറഞ്ഞിരുന്നെങ്കിലും രേഖപെടുത്തിയിട്ടില്ലെന്ന് കണ്ടാണ് വള്ളികുന്നം സ്റ്റേഷനിൽ പരാതി എഴുതി നൽകിയത്
ആലപ്പുഴ :വള്ളികുന്നം സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനൊപ്പം മറ്റൊരാളും കൃത്യം നടത്താൻ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്ന് കാട്ടി സൗമ്യയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ ആദ്യം നൽകിയ മൊഴിയിൽ ഈ കാര്യം പറഞ്ഞിരുന്നെങ്കിലും രേഖപെടുത്തിയിട്ടില്ലെന്ന് കണ്ടാണ് വള്ളികുന്നം സ്റ്റേഷനിൽ പരാതി എഴുതി നൽകിയത്. അതേസമയം അജാസ് മരണപ്പെട്ടെങ്കിലും അന്വേഷണത്തെ അത് ബാധിക്കില്ലന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സൗമ്യയെ സഹപ്രവർത്തകനായ അജാസ് കൊലപ്പെടുത്തിയത്. എറണാകുളത്തു നിന്നും കൃത്യത്തിനായി വള്ളിക്കുന്നത്തെത്തിയ അജാസിനൊപ്പം നീല ഷർട്ട് ധരിച്ച മറ്റൊരു യുവാവ് കൂടി ഉണ്ടായിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഈ വിവരം ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നെങ്കിലും രേഖപെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ വീണ്ടും ഈ വിവരം രേഖാമൂലം പൊലിസിനെ ധരിപ്പിച്ചതെന്ന് സൗമ്യയുടെ ഭർതൃസഹോദരൻ ഷാജി പറഞ്ഞു.
അജാസിൽ നിന്നും ചോദിച്ചറിയേണ്ട പല കാര്യങ്ങളും ബാക്കി നിൽക്കേയാണ് ബുധനാഴ്ച അജാസ് മരണപ്പെട്ടത്. സമാന്തരമായ അന്വേഷണത്തിലൂടെ പെട്രോൾ എവിടെ നിന്നും വാങ്ങിയെന്നും ആയുധം ലഭിച്ചെതെവിടെ നിന്നാണെന്നും കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അജാസ് മരണപ്പെട്ടെങ്കിലും ഈ വിവരങ്ങൾ കണ്ടെത്തിയതിന് ശേഷമേ അന്വേഷണ നടപടികൾ പൂർത്തിയാക്കൂ എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോോധിക്കാൻ മാന്നാർ എസ്‌ഐയെ ചുമതലപ്പെടുത്തിിയിട്ടുണ്ട്. അജാസിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നതായി സൂചനയില്ലെന്നും അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ കാറിൽ നിന്ന് വിരലടയാളം ലഭിക്കുമായിരുന്നെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. സിസിടിവി ദൃശ്യയങ്ങൾ പരിശോധിക്കുമ്പോൾ ഈ സംശയവും ദൂരീകരിക്കപ്പെടുമൈന്നും പൊലീസ് പറയുന്നു. ഇതനുസരിച്ച് വള്ളികുന്നം, മണപ്പള്ളി തുടങ്ങിയ മേഖലകളിലെ സിസിടിവി ദൃശ്യം അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞു.