സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
രുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു. പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിൽ രണ്ടാംപ്രതിയാണ് സ്വപ്‌ന സുരേഷ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. കേസിലെ ഒന്നാംപ്രതി സരിത്തും എൻഐഎ കസ്റ്റഡിയിലാണുള്ളത്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സ്വർണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്. രണ്ട് അന്വേഷണ ഏജന്‍സികളും ചേർന്ന് ഇതുവരെ 15 പേരെയാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്.