സമ്പത്തിന് ക്യാബിനറ്റ് പദവി: കേരള പ്രതിനിധിയായി ദില്ലിയിൽ പ്രവർത്തിക്കും
സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം.
ദില്ലി: മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തിന് പുതിയ നിയമനം നല്‍കി കേരള സര്‍ക്കാര്‍. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്‍റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്‍റെ നിയമനത്തിന് അംഗീകാരം നല്‍കും.
സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാന പ്രതിനിധിയായി ദില്ലിയിൽ നിയമിക്കപ്പെട്ട സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരുമുണ്ടാകും. പുതിയ ഓഫീസിനു വേണ്ടി പുതിയ തസ്തികളുമുണ്ടാക്കും.
2009 മുതല്‍ പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിക്കൊണ്ടിരുന്ന സമ്പത്തിനെ അപ്രതീക്ഷിതമായാണ് അസാധാരണ പദവി നല്‍കി പാര്‍ട്ടി ദില്ലിയിലേക്ക് തിരിച്ച് എത്തിക്കുന്നത്.