ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെമാറ്റി.
ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യൻ ഖാൻ ഉൾപ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എൻസിബി സംഘമാകും ഇനി അന്വേഷിക്കുക. എൻസിബിയുടെ ഡൽഹി ആസ്ഥാനം നേരിട്ട് മേൽനോട്ടം വഹിക്കും.
മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ തുടർ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെമാറ്റി.കേസിൽ സമീർ വാങ്കഡെ ഷാരുഖാനിൽനിന്നും കൈക്കൂലി ആവഷ്യപ്പെട്ടതായുള്ള ആരോപണത്തെത്തുടർന്നാണ് നടപടി . ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യൻ ഖാൻ ഉൾപ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എൻസിബി സംഘമാകും ഇനി അന്വേഷിക്കുക. എൻസിബിയുടെ ഡൽഹി ആസ്ഥാനം നേരിട്ട് മേൽനോട്ടം വഹിക്കും.
ആര്യൻ കേസുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സമീർ വാങ്കഡെ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാങ്കഡയെ വിജിലൻസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. എന്നാൽ സമീർ വാങ്കഡെയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത നടപടിക്കുള്ള പ്രതികാരമായി സമീർ വാങ്കെഡെയെ കുടുക്കുകയാണെന്നാണ് മറുഭാഗത്തിന്റെ വാദം.
സമീർ വാങ്കഡെയെ മാറ്റിയ നടപടി “ഇതൊരു തുടക്കം മാത്രമാണെന്ന്
മഹാരാഷ്ട്ര എൻ സിബി മന്ത്രി നവാബ് മാലിക്ക് പ്രതികരിച്ചു . അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. സമീർ വാങ്കഡെയ്ക്ക് എതിരെ തുടർച്ചയായി വിമർശനങ്ങളുന്നയിച്ച മന്ത്രി, വാങ്കഡെയുടേത് ആഢംബര ജീവിതമാണെന്നും ഷാരുഖിൽ നിന്ന് പണം തട്ടാനാണ് ആര്യനെ കുടുക്കിയതെന്നുമായിരുന്നും ആരോപിച്ചിരുന്നു. പദവി ദുരുപയോഗം ചെയ്ത് പലരിൽ നിന്നായി സമീർ വാങ്കഡെ കൈക്കൂലി വാങ്ങിയതായും മന്ത്രി വിമർശിച്ചിരുന്നു.അതേസമയം കേസ് അന്വേഷണത്തിന് പുതിയ അന്വേഷണ സംഘം നാളെ മുംബൈയിൽ എത്തും.
അതേസമയം ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ നീക്കിയെന്ന വാർത്തകൾ തള്ളി എൻസിബി. പ്രചരിക്കുന്നവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും, ഒരു ഓഫീസറെയും അന്വേഷണ ചുമതലയിൽ നിന്നും നീക്കിയിട്ടില്ലെന്നും എൻസിബി അറിയിച്ചു. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞജയ് കുമാർ സിംഗാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറപ്പെടുവിച്ചത്.സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയിട്ടില്ലെന്നും, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയാണ് ചെയ്തതെന്നുമാണ് എൻസിബി അറിയിക്കുന്നത്. ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. മുംബൈ യൂണിറ്റിൽ നിന്നും ആറ് കേസുകൾ പ്രത്യേക സംഘത്തിന് കൈമാറിയെന്നും എൻസിബി അറിയിച്ചു.