രാഹുലിനെതിരെ സൽമാൻ ഖുർഷിദ് തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടം; പരാജയം പരിശോധിക്കാനുള്ള അവസരം പാർട്ടിക്ക് നഷ്ടപ്പെട്ടുത്തി

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയെ അദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് തുറന്നു വിമര്‍ശിക്കുന്നത്

0

ഡൽഹി: രാഹുൽ ഗാന്ധിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്‍റെ നടപടി തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്‍റെ രാജിയോടെ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്നും വാർത്ത ഏജൻസിക്ക് നൽകിയ പ്രതികരണത്തിൽ സല്‍മാന്‍ ഖുര്‍ഷിദ് വിമർശിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയെ അദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് തുറന്നു വിമര്‍ശിക്കുന്നത്. രാഹുൽ ഗാന്ധിയുടെ രാജി തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടമായിപ്പോയെന്ന് സൽമാൻ ഖുർഷിദ് വിമർശിച്ചു. രാഹുലിന്‍റെ രാജി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. രാജിയോടെ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ ചർച്ച ചെയ്യുകയെന്ന പ്രവർത്തകരുടെ ആവശ്യത്തിൽ നിന്നും ശ്രദ്ധ തിരിഞ്ഞെന്നും ഖുർഷിദ് കുറ്റപ്പെടുത്തി.

സ്വയം വിശകലനം നടത്തുവാനുള്ള അവസരം പാർട്ടിക്ക് നഷ്ടമായി. പാർട്ടിയിൽ ഉണ്ടായ ശൂന്യതക്ക് താൽക്കാലിക പരിഹാരമായാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തതെന്നും സൽമാൽ ഖുർഷിദ് പ്രതികരിച്ചു. മഹാരാഷ്ട്ര – ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയം സംബന്ധിച്ചും വലിയ പ്രതീക്ഷ വേണ്ടെന്ന് ഖുര്‍ഷിദ് പറഞ്ഞു.
ഹരിയാനയില്‍ മുന്‍ പിസിസി പ്രസിഡന്‍റ് അശോക് തന്‍വാര്‍ പാര്‍ട്ടി വിടുകയും മഹാരാഷ്ട്രയില്‍ മുന്‍ പിസിസി അധ്യക്ഷന്‍ സഞ്ജയ് നിരുപം പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രസ്താവന.

You might also like

-