ശബരിമല സ്ത്രീപ്രവേശനം,സൗകര്യങ്ങൾ തിരക്കി ഹൈക്കോടതി
ഈ വർഷം മുതൽ കൂടുതലായി എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗശേഷം പറഞ്ഞിരുന്നു.
കൊച്ചി:പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്ത്രീപ്രവേശനത്തിനായി ശബരിമലയില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി. സീസണ് മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാമെന്ന് സര്‍ക്കാര് അറിയിച്ചു.ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടക സീസണില്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതലയോഗം ചേര്‍ന്നിരുന്നു. ശബരിമലയിൽ ഈ വർഷം മുതൽ കൂടുതലായി എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗശേഷം പറഞ്ഞിരുന്നു. തുലാമാസ പൂജക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമല സന്ദർശിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ സ്ത്രീകൾക്കായി പ്രത്യേകം ശുചിമുറികൾ ഉണ്ടാക്കും. സ്ത്രീകൾക്കായി നിർമ്മിക്കുന്ന ശുചിമുറികൾക്ക് പ്രത്യേകം നിറം നൽകും. നിലവിൽ പമ്പയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന കടവിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കും. സന്നിധാനത്തേക്കുള്ള വഴിയിൽ ഇപ്പോൾ തന്നെ പകൽപോലെ വെളിച്ചമുണ്ട്. എവിടെയെങ്കിലും വെളിച്ചക്കുറവുണ്ടെങ്കിൽ അത് പരിശോധിച്ച് വേണ്ടത്ര വെളിച്ചമുണ്ടാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും.
നിലക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി ബസുകളിൽ ഇരുപത് ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ ഈ സീറ്റുകളിൽ പുരുഷൻമാർക്ക് ഇരിക്കാനാകൂ. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പമ്പയിലും സന്നിധാനത്തും കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയോഗിക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക ക്യൂ ഒരുക്കാനാകില്ല. കുടുംബത്തോടൊപ്പമാകും കൂടുതൽ സ്ത്രീകളും ശബരിമലയിലേക്കെത്തുക. അതുകൊണ്ട് അവർക്കായി പ്രത്യേക ക്യൂ പ്രായോഗികമല്ല. ചിലപ്പോൾ പത്തും പന്ത്രണ്ടും മണിക്കൂറൊക്കെ ക്യൂ നിൽക്കേണ്ടിവരും. പല അമ്പലങ്ങളിലും സ്ത്രീകൾ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്നുണ്ട്. അതിന് തയ്യാറുള്ളവർ മാത്രം ശബരിമലയിലേക്ക് വന്നാൽ മതി. ഡിജിറ്റൽ ബുക്കിംഗ് സൗകര്യം സ്ത്രീകൾക്കായും ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.