ശബരിമലസന്ദര്‍ശനത്തിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്.
ശബരിമലയില്‍ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ടു ആക്ടിവിസ്റ്റ് രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തിയാണ് അപേക്ഷ നല്‍കിയത്
കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. കോടതിയില്‍ നിന്നും കൃത്യമായ ഉത്തരവ് ഉണ്ടാകുന്നത് വരെ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ള സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്.
ശബരിമലയില്‍ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ടു ആക്ടിവിസ്റ്റ് രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തിയാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ മണ്ഡലകാലത്തും രഹന ഫാത്തിമ പൊലീസിന്റെ സഹായത്തോടെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഭക്തരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും, ഐ ജി മനോജ് എബ്രഹാമുമാണെന്ന് പിന്നീട് രഹന ഫാത്തിമ വെളിപ്പെടുത്തിയിരുന്നു