ശബരിമലയിൽ ക്ഷേത്രത്തിൽ യുവതീ പ്രവേശനത്തിന് തടസമില്ലെന്ന് സുപ്രിം കോടതി
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ബി രാമകൃഷ്ണ ഗവായി വ്യക്തമാക്കി. യുവതികൾക്ക് പ്രവേശനം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസ് ദീപക മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി നിലനിൽക്കുന്നു
ഡൽഹി: ശബരിമലയിൽ ക്ഷേത്രത്തിൽ യുവതീ പ്രവേശനത്തിന് തടസമില്ലെന്ന് സുപ്രിം കോടതി ,ശബരിമല ക്ഷേത്ര ഭരണം സംബന്ധിച്ച പന്തളം കൊട്ടാരത്തിന്റെ ഹർജിയാണ് ഇന്ന് സുപ്രീംകോടതി ബെഞ്ച് മുൻപാകെ എത്തിയത്. ശബരിമല വിഷയത്തിൽ സർക്കാരിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ബി രാമകൃഷ്ണ ഗവായി വ്യക്തമാക്കി. യുവതികൾക്ക് പ്രവേശനം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസ് ദീപക മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി നിലനിൽക്കുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിർവഹണത്തിനായി പ്രത്യേക നിയമം കൊണ്ടുവരാൻ ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് കേരള സർക്കാരിന് നിർദേശം നൽകി.
പ്രതിവർഷം 50 ലക്ഷം തീർഥാടകർ ദർശനം നടത്തുന്ന ക്ഷേത്രമല്ലേ ശബരിമല എന്ന് കോടതി ചോദിച്ചു. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുത്. ഒരു ദേവസ്വം കമ്മീഷണർ എങ്ങനെ ഇത്രയും ക്ഷേത്രങ്ങൾ ഒന്നിച്ച് കൈകാര്യം ചെയ്യും എന്നു കോടതി ചോദിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിന് ബിൽ തയ്യാർ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രണ്ടു മാസം സമയം അനുവദിച്ചാൽ ബിൽ നിയമം ആക്കാം. സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടിൽ വനിതകൾക്ക് ദേവസ്വം ബോർഡിന്റെ ഭരണ സമിതിയിൽ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്.
ശബരിമല വിഷയത്തിൽ ഏഴംഗ ബെഞ്ച് യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലെത്തുകയാണെങ്കിൽ ഭരണസമിതിയിലെ വനിതകൾക്ക് എങ്ങനെ ശബരിമലയിലെത്താൻ കഴിയുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അങ്ങനെ വന്നാൽ അമ്പതു വയസു കഴിഞ്ഞ സ്ത്രീകളെ മാത്രം ഭരണ സമിതിയിൽ നിലനിർത്തുമെന്നും സ്ത്രീകളെ ഉൾപ്പെടുത്തുന്നത് വിശാല കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. കേസ് ജനുവരി മൂന്നാം ആഴ്ച വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ഗവായ് ശബരിമല കേസിലെ അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നില്ല. അതുകൊണ്ടുതന്നെ യുവതീ പ്രവേശനം സംബന്ധിച്ച് അദ്ദേഹം നടത്തിയത് നിരീക്ഷണം മാത്രമാണ്. എന്നാൽ കോടതി നിരീക്ഷണം സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടിൽ മാറ്റമില്ല എന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ വ്യക്തമാക്കിയത്. ശബരിമല വിധിയിൽ വ്യക്തത തേടണമെന്നും ഞായറാഴ്ച അവസാനിച്ച പോളിറ്റ്ബ്യൂറോ യോഗം ആവശ്യപ്പെട്ടിരുന്നു.ശബരിമല പുനപരിശോധന ഹർജികളിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ അവ്യക്തതയുണ്ട് എന്നായിരുന്നു മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത നൽകിയ നിയമോപദേശം. ഇത് മറികടന്ന്ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.