എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

തനിക്ക് എതിരായ നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

0

തിരുവനന്തപുരം | ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ഇടുക്കി ജില്ലാഘടകത്തിന്‍റെ ശിപാർശ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിച്ചു. എന്നാൽ നടപടി തന്നെ അറിയിച്ചിട്ടില്ലെന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. ദേവീകുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജ 10000 ത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരിന്നു സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഭൂരിപക്ഷം 7800 ലേക്ക് ചുരുങ്ങി. ഇതോടെയാണ് മൂന്ന് തവണ എംഎല്‍എ ആയിരുന്ന എസ് രാജേന്ദ്രനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി, കമ്മീഷനെ നിയോഗിച്ചത്. എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ ബ്രാഞ്ച് തലം മുതലുള്ള പ്രവർത്തകരും രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നു.

തനിക്ക് എതിരായ നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു.ജാതിയുടെ പേരിൽ താൻ അറിയപ്പെടാനും നേതൃപദവിയിലിരിക്കാനും ആഗ്രഹിക്കുന്നില്ല. അത് പാർട്ടിയിൽ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ആണെന്ന് പാർട്ടി കണ്ടെത്തിയത് കൊണ്ടാകാം നടപടിയെന്നും എസ് രാജേന്ദ്രൻ പറയുന്നു. മുൻ സിപിഎം എംഎൽഎ സിപിഐയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.

You might also like

-