റഷ്യയുടെ അധിനിവേശത്തെ അപലപിച്ച് യു.എൻ രക്ഷാസമിതിയിൽ പ്രമേയം പ്രമേയത്തെ വീറ്റോചെയ്ത റഷ്യ

''നിങ്ങൾക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാൽ, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകില്ല. സത്യത്തെ നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങ്‌ളെയും യുക്രൈൻ ജനതയെയുമൊന്നും നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല..''-

0

യുക്രൈൻ റഷ്യയുടെ അധിനിവേശത്തെ ശക്തമായി അപലപിച്ച് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച പ്രമേയത്തിൽ സൈന്യത്തെ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു . അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. 15 രക്ഷാസമിതി അംഗങ്ങളിൽ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിൽക്കുകയായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല.

”നിങ്ങൾക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാൽ, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകില്ല. സത്യത്തെ നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങ്‌ളെയും യുക്രൈൻ ജനതയെയുമൊന്നും നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല..”- അമേരിക്കയുടെ യു.എൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അബദ്ധങ്ങൾ ചെയ്യാൻ നിൽക്കരുതെന്നും ബ്രിട്ടീഷ് അംബാസഡർ ബർബറ വുഡ്‌വാർഡ് പറഞ്ഞു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു പിന്തുണയുമില്ലെന്നും ബർബറ കൂട്ടിച്ചേർത്തു. നിലവിൽ രക്ഷാസമിതി അധ്യക്ഷൻ റഷ്യൻ പ്രതിനിധിയാണ്. രക്ഷാസമിതിയിൽ പ്രമേയം പാസായില്ലെങ്കിലും യു.എൻ പൊതുസഭയിലും സമാനമായ പ്രമേയം വോട്ടിനെത്തും. പൊതുസഭയിൽ വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകാനിടയുണ്ടെങ്കിലും ഇത് റഷ്യയ്ക്ക് ബാധകമാകില്ല.

ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു. റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇനി 192 അംഗ പൊതു സഭയിൽ ഇനി വിഷയമെത്തും.ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങൾക്ക് ഇടം കൊടുക്കാനെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചർച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.

You might also like

-