ഇടുക്കിയിൽ റോഷിയുടെ രാജിക്കായി യു ഡി എഫ് , രാജിയില്ല മുന്നണിബന്ധത്തിനപ്പുറം ഹൃദയ ബന്ധമാണ് ജനങ്ങളോടുള്ളതെന്നു റോഷി

ഇടുക്കിക്കാരുമായി ഹൃദയബന്ധമാണുള്ളതെന്ന് വ്യക്തമാക്കിയ റോഷി, രാജിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

0

ഇടുക്കി: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തോടെ, ഇടുക്കിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ്. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ സ്ഥാനം രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് യുഡിഎഫ്.നാല് തവണയും റോഷി നിയമസഭയിൽ എത്തിയത് യുഡിഎഫിനൊപ്പം നിന്നാണ്. യുഡിഎഫിന്‍റെ കുത്തക മണ്ഡലം എന്നറിയപ്പെടുന്ന ഇടുക്കിയിൽ നിന്ന് തുടർച്ചയായി ജയിച്ച റോഷി അഗസ്റ്റിൻ, ഒരു സുപ്രഭാതത്തിൽ ഇടതുമുന്നണിയിലേക്ക് പോയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനുള്ളത് . അതേസമയം ഇടുക്കിക്കാരുമായി ഹൃദയബന്ധമാണുള്ളതെന്ന് വ്യക്തമാക്കിയ റോഷി, രാജിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ രാജിക്കായി പ്രക്ഷോഭ പരിപാടികളടക്കം സംഘടിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.

ജോസ് കെ മാണി വിഭാഗം യുഡിഎഫുമായി ചേർന്ന് ഭരിക്കുന്ന ഭൂപണയ ബാങ്കുകളടക്കമുള്ളവയുടെ ഭാവി എന്താകുമെന്ന ആശങ്കയും ഇരുകൂട്ടർക്കുമുണ്ട്. അതിനിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും. ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണത്തിലെ ഇടക്കാല സ്റ്റേ ഉയർത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിനും സി പി എം സെക്രട്ടറിയേറ്റ് യോഗം രൂപം നൽകും.