ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി വി അൻവറിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്

ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കി എന്ന പരാതിയിലാണ് പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ ആലുവ തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുന്നത്.

0

കൊച്ചി: ആലുവയിൽ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചെന്ന പരാതിയിൽ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറോടും ഈ മാസം 11ന് ഹാജരാകാൻ ആലുവ തഹസിൽദാർ ആവശ്യപ്പെട്ടു.

ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കി എന്ന പരാതിയിലാണ് പി വി അൻവർ എംഎൽഎയോട് ഹാജരാകാൻ ആലുവ തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമി പോക്കുവരവ് ചെയ്ത രേഖകൾ, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ എന്നിവയടക്കം ഈ മാസം 11 ന് ഹാജരാകണമെന്നാണ് നിർദേശം.

ഹാജരായില്ലെങ്കിൽ മറ്റ് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു. ആലുവ ഈസ്റ്റ് വില്ലേജില്‍ 2006 മുതല്‍ 2019 വരെ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിലാണ് മാനേജിംഗ് ഡയറക്ടറായ പി വി അൻവർ കരമടച്ചിരിക്കുന്നത്. അതേസമയം ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍ ഇപ്പോഴും വസ്തുവിന്‍റെ ഉടമസ്ഥാവകാശം ജോയ് മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള ഇന്‍റര്‍നാഷണൽ ഹൗസിങ് കോംപ്ലക്‌സിനാണ്.

വ്യാജരേഖ ചമച്ച് സ്ഥലം കൈവശപ്പെടുത്താൻ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസർ അൻവറിനെ സഹായിച്ചെന്ന് സ്ഥലമുടമയായ ജോയ്മാത്യുവിന്‍റെ ഭാര്യ ഗ്രേസ് മാത്യു തഹസിൽദാർക്ക് മൊഴി നൽകിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറോടും ഹാജരായി രേഖകൾ സമർപ്പിക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടമസ്ഥാവകാശം നിര്‍ണയിക്കും വരെ അന്‍വറിൽ നിന്ന് കരം സ്വീകരിക്കേണ്ടെന്നും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

You might also like

-