റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു

''ചില വ്യക്തിപരിമായ കാരണങ്ങളാല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍.ബി.ഐയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തന്‍റെ സഹപ്രവര്‍ത്തകരോടും ആര്‍.ബി.ഐ സെന്‍റട്രല്‍ ബോര്‍ഡിലെ ഡയറക്ടര്‍മാരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.'

0

ഡൽഹി : കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഊര്‍ജിത് പട്ടേല്‍ പ്രതികരിച്ചു.റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ സ്ഥാനം രാജിവച്ചു.നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കുന്നത്. തന്‍റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഊർജിത് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പക്ഷേ കേന്ദ്രസർക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം.

5 ശതമാനത്തിനു മുകളിലെത്തിയ പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറക്കണമെന്ന കേന്ദ്ര നിര്‍ദേശം ആര്‍.ബി.ഐ തള്ളിയിരുന്നു. കിട്ടാക്കടം പിരിച്ചെടുക്കുന്നതിനുള്ള ആര്‍.ബി.ഐയുടെ ശക്തമായ നടപടികളും എണ്ണക്കമ്പനികള്‍ക്ക് അനുകൂലമായി ഡോളര്‍വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള അഭിപ്രായ വ്യത്യാസവും കൂടിയായതോടെ പ്രശ്നങ്ങള്‍ വഷളാവുകയായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഊർജിത് പട്ടേലിന്‍റെ രാജി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കും. നേരത്തേ തന്നെ കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു ആർബിഐ ഉന്നതമേധാവികൾ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയും ആർബിഐ ഗവർണർ ഊർജിത് പട്ടേലും തമ്മിൽ വലിയ ചേരിപ്പോരാണ് നടക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്ത് ബാങ്കുകളെ ‘സ്വതന്ത്രമായി വിഹരിയ്ക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന’ ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയുടെ വക്കിലെത്തിച്ചതെന്ന് അരുൺ ജയ്‍റ്റ്‍ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്.

ആർബിഐ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യ പിറ്റേന്നു തന്നെ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി. ആർബിഐയുടെ സ്വതന്ത്രാധികാരത്തിൽ കൈ കടത്തിയാൽ അതിന്‍റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് വിരാൽ ആചാര്യ മുന്നറിയിപ്പ് നൽകിയത്.

റിസർവ് ബാങ്കിന്‍റെ അധികാരത്തിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടതിനെത്തുടർന്ന് കേന്ദ്രധനമന്ത്രാലയവും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജനതാത്പര്യാർഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും.

ഇതനുസരിച്ച് മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശനചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ നേരിട്ട് നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി രണ്ട് കത്തുകൾ റിസർവ് ബാങ്കിന് ധനകാര്യമന്ത്രാലയം കൈമാറുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടൽ ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

You might also like

-