കള്ളവോട്ട്മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ്
ധർമ്മടത്തെ 52, 53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്
തിരുവനതപുരം :കള്ളവോട്ട് സ്ഥിരീകരിച്ച കാസർഗോട്ടെയും കണ്ണൂരിലേയും നാല് ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. കള്ളവോട്ട് കണ്ടെത്തിയ ധർമ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഞായറാഴ്ചയായിരിക്കും ഏഴ് ബൂത്തുകളിലും റീ പോളിംഗ് നടക്കുക.ധർമ്മടത്തെ 52, 53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48-ാം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.
തൃക്കരിപ്പൂരിൽ റീംപോളിംഗ് നടത്തുന്നത് സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നെങ്കിലും റീംപോളിംഗ് നടത്തുന്ന ബൂത്തുകളുടെ പട്ടിക പുറത്തുവന്നപ്പോൾ തൃക്കരിപ്പൂർ അതിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് പുറത്തുവന്ന പട്ടികയിൽ ധർമ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു ബൂത്തും ഉൾപ്പെടുകയായിരുന്നു. തൃക്കരിപ്പൂരിൽ സിപിഐഎം പ്രവർത്തകൻ ശ്യാംകുമാറാണ് കള്ളവോട്ടു ചെയ്തത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
കാസർഗോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്ളോക്ക് ബൂത്ത് നമ്പർ 70 എന്നിവടങ്ങളിലും കണ്ണൂർ പാമ്പുരുത്തി മാപ്പിള എ യു പി എസിലെ 166 -ാം നമ്പർ ബൂത്തിലും റീപോളിംഗ് നടത്താനാണ് ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഈ നാലു ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.