ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പരാമർശം ; പ്രജ്ഞ സിംഗ് താക്കൂറിന് മാപ്പില്ല മോദി

പ്രജ്ഞയുടെ പരാമർശം പൊറുക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രജ്ഞയ്ക്ക് മാപ്പ് നൽകാൻ സാധിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു

0

ഡൽഹി :ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നുള്ള ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രജ്ഞയുടെ പരാമർശം പൊറുക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രജ്ഞയ്ക്ക് മാപ്പ് നൽകാൻ സാധിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം ഇന്ന് അവസാനിരിക്കെയാണ് പ്രജ്ഞയെ തള്ളി പ്രധാനമന്ത്രി രംഗത്തെത്തിയത്. വിഷയത്തിൽ മോദിയുടെ ആദ്യത്തെ പ്രതികരണമാണിത്.വിവാദ പരാമർശത്തിൽ പ്രജ്ഞയെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്തെത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. പ്രജ്ഞയുടെ പ്രസ്താവന ഗോഡ്സെയെ ഏറെ സന്തോഷിപ്പിച്ചു കാണുമെന്നും പ്രജ്ഞ മാപ്പ് പറയേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ പറഞ്ഞിരുന്നു. മഹാത്മ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു ബിജെപി നേതാവ് അനിൽ സൗമിത്ര പ്രതികരിച്ചത്.

ഗോഡ്‌സെ രാജ്യ സ്‌നേഹിയായിരുന്നുവെന്നും രാജ്യ സ്‌നേഹിയായി തന്നെ തുടരുമെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. ഗോഡ്‌സെയെ ഭീകരവാദി എന്നു വിളിക്കുന്നവർ ആത്മപരിശോധന നടത്തണം. ഇവർക്ക് ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് ഗോഡ്‌സെയാണെന്നുമുള്ള മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസന്റെ പ്രസ്താവനയെ വിമർശിച്ചായിരുന്നു പ്രജ്ഞയുടെ പരാമർശം. ഇത് വിവാദമാകുകയും പ്രതിപക്ഷം ഏറ്റുപിടിക്കുകയും ചെയ്തതോടെ പ്രജ്ഞയെ തള്ളി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ച് പ്രജ്ഞ മാപ്പു പറയുകയും ചെയ്തിരുന്നു

You might also like

-