പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവര്‍ നാളെ ഇവിടം വിടും ..ഹത്രാസ് ഇരയുടെ പിതാവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്

'പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവര്‍ നാളെ ഇവിടം വിടും. പിന്നെ ഞങ്ങള്‍ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ മാറ്റണ്ടെയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്

0

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്കാരിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. പെണ്‍കുട്ടിക്കെതിരായ ആക്രമണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവര്‍ നാളെ ഇവിടം വിടും. പിന്നെ ഞങ്ങള്‍ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ മാറ്റണ്ടെയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്കത് മാറ്റാന്‍ കഴിയും’, പെണ്‍കുട്ടിയുടെ പിതാവിനോടായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. ‘അവര്‍ ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ അച്ഛനേയും അവര്‍ ഭീഷണിപ്പെടുത്തുന്നു’, പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.ഈ ജില്ലാമജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ വീട്ടുകാരുടെ എതിര്‍പ്പവഗണിച്ച് പെണ്‍കുട്ടിയുടെ ശവസംസ്‌കാരം നടത്തിയത്. മകളെ ആചാരമനുസരിച്ചു സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും പോലീസ് കേട്ടിരുന്നില്ല. ആംബുലന്‍സിനു മുന്നില്‍ തടസ്സമുണ്ടാക്കിയും നടുറോഡില്‍ കിടന്നും പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും നടത്തിയ പ്രതിഷേധങ്ങള്‍ക്കും ഹത്രാസിലെ ഗ്രാമം പാതിരാത്രി സാക്ഷിയായിരുന്നു.

രക്ഷിതാക്കളെ വീട്ടില്‍ പൂട്ടിയിട്ടാണ് പോലീസ് മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുപോയി ചിതയില്‍ സംസ്‌കരിച്ചതെന്നാണ് ആരോപണം. എന്നാല്‍, വീട്ടുകാരുടെ സമ്മതത്തോടെയാണ് സംസ്‌കരിച്ചതെന്നും ബന്ധുക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍കുമാര്‍ ലക്സ്‌കര്‍ പ്രതികരിച്ചു.

You might also like

-