മറിയക്കുട്ടിയെയും അന്നയെയും ഭിക്ഷ യാചിക്കേണ്ടി വന്നത് ഏറ്റവും വലിയ ഗതികേടാണെന്നും സർക്കാർ മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല
200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു
ഇടുക്കി,അടിമാലി | പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാടനത്തിന് തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. കഴിഞ്ഞ ദിവസമാണ് പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയത്. 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു.
വയോധികമാർക്ക് ഭിക്ഷ യാചിക്കേണ്ടി വന്നതിൽ സർക്കാരിനെതിരെ ചെന്നിത്തല രൂക്ഷമായി വിമർശനം ഉന്നയിച്ചു. ഭിക്ഷ യാചിക്കേണ്ടി വരുന്നത് ഏറ്റവും വലിയ ഗതികേടാണെന്നും സർക്കാർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻ തുക സർക്കാർ നൽകുന്നതുവരെ താൻ 1600 രൂപ വീതം എത്തിച്ചു നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 1600 രൂപ വീതം ഇരുവർക്കും രമേശ് ചെന്നിത്തല വീട്ടിൽ തന്നെ വെച്ച് കൈമാറി.
സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രക്കെതിരെയും രമേശ് ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചു. പെൻഷൻ നൽകുന്നതിനുവേണ്ടി പിരിച്ച രണ്ട് രൂപ സെസ് എവിടെപ്പോയെന്നും ചെന്നിത്തല ചോദിച്ചു. നവ കേരള യാത്രയ്ക്ക് ബസ് വാങ്ങിയതും ഹെലികോപ്റ്റർ എത്തിച്ചതുമടക്കം ഈ തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.