ഓപ്പറേഷൻ ബചത് കെ .എസ്.എഫ്.ഇ റെയ്ഡ്: പിന്നിൽ രമൺ ശ്രീവാസ്തവയാണെന്ന് ?
സ്വകാര്യസ്ഥാപനത്തിൽ ജോലിയുള്ളപ്പോഴാണോ രമൺ ശ്രീവാസ്തവ സർക്കാർ ഉപദേഷ്ടാവായിരിക്കുന്നതെന്ന് പരിശോധിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എയും പറഞ്ഞു
രമണ്‍ ശ്രീവാസ്തവ സ്വകാര്യ ചിട്ടിക്കമ്പനിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്
തിരുവനന്തപുരം :തെരെഞ്ഞെടുപ്പ് അടുത്തുനിൽക്കേ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്ക് പങ്കുണ്ടെന്നു ആരോപണം .മുഖ്യമന്ത്രി അറിയാതെ, വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കുമ്പോള്‍ റെയിഡ് നടന്നത് അസ്വാഭാവികമാണെന്നാണ് സിപിഐഎം നിലപാട്. നിലവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്നാണ് സിപിഐഎം നേതാക്കളുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി തുടരുന്നതിനിടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻറെ സുരക്ഷ ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവ തുടരുന്നതിൽ നേതൃത്വത്തിനും അതൃപ്തിയുണ്ട്.കെ.എസ്.എഫ്.ഇ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിജിലന്‍സ് കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വഴി തുറക്കലായിട്ടാണ് സിപിഎം നേതാക്കള്‍ കാണുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാൻ വേണ്ടിയാണ് കെ.എസ്.എഫ്.ഇയിൽ റെയ്ഡ് നടത്തിയതെന്ന ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉന്നയിച്ചിരിന്നു.
സ്വകാര്യസ്ഥാപനത്തിൽ ജോലിയുള്ളപ്പോഴാണോ രമൺ ശ്രീവാസ്തവ സർക്കാർ ഉപദേഷ്ടാവായിരിക്കുന്നതെന്ന് പരിശോധിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എയും പറഞ്ഞു. ഇക്കാര്യത്തിലെ നിയമ പ്രശ്നങ്ങളും പരിശോധിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.എഫ്.ഇ യിലെ റെയ്ഡിനു പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നാണ് സി.പി.എം നേതാക്കളുടെ അഭിപ്രായം. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിലേക്കും. റെയ്ഡ് വിവരം മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. രമൺ ശ്രീവാസ്തവയുടെ അറിവോടെയാണെന്ന സംശയമാണ് നേതാക്കള്‍ക്കിടയിലുള്ളത്. മുഖ്യമന്ത്രിയുടെ ഉപദേശകനാകും മുന്നേ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സുരക്ഷാ ഉപദേശക സമിതി അംഗമായിരുന്നു ശ്രീവാസ്തവ. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഉപദേഷ്ടാവാണ് രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും അതു തുടരുന്നെന്ന് കമ്പനിയുടെ വെബ്‍സൈറ്റ് വ്യക്തമാക്കുന്നു. നേരത്തേ തന്നെ പൊലീസ് ഉപദേശകന്റെ പല നടപടികളിലും സിപിഎമ്മിൽ ശക്തമായ എതിരഭിപ്രായമുണ്ട്.
റെയ്ഡില്‍ വിമർശനവുമായി സി.പി.ഐ മുഖപത്രം രംഗത്ത് വന്നു. ബിജെപിയും കോൺഗ്രസും നടത്തുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതായി റെയ്ഡെന്നും ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ജനയുഗത്തിലത്തിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.