രാജ്കുമാറിന്റെമൃതദേഹം രണ്ടാം പോസ്റ്റുമോർട്ടം നാളെ; മരണകാരണം തേടി കമ്മീഷൻ
കോട്ടയം മെഡിക്കൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടം സമ്പൂർണ്ണ പരാജയമായിരുന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നത് മുതൽ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കാതിരുന്നത് വരെയുള്ള ഗുരുതര വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ജുഡീഷ്യൽ കമ്മിഷൻ മൃതദേഹം രണ്ടാമതും പോസ്റ്റുമോർട്ടത്തിന് തീരുമാനിച്ചത്.
ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസുകാർ ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ മൃതദേഹം നാളെ രണ്ടാംതു പോസ്റ്റുമോർട്ടം ചെയ്യും കസ്റ്റഡിക്കൊല അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫൊറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.
കോട്ടയം മെഡിക്കൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടം സമ്പൂർണ്ണ പരാജയമായിരുന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നത് മുതൽ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കാതിരുന്നത് വരെയുള്ള ഗുരുതര വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ജുഡീഷ്യൽ കമ്മിഷൻ മൃതദേഹം രണ്ടാമതും പോസ്റ്റുമോർട്ടത്തിന് തീരുമാനിച്ചത്.
സംസ്കരിച്ച് മുപ്പത്തിയേഴാം ദിനമാണ് മൃതദ്ദേഹം പുറത്തെടുക്കുന്നത്. വാരിയെല്ലുകളിൽ ഏറ്റ പരുക്കാണ് പ്രധാനമായും പരിശോധിക്കുക. വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പൊലീസ് മർദ്ദനത്തിൽ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.
ഇതടക്കം എല്ലുകൾ അല്ലാതെ മറ്റ് ആന്തരാവയവങ്ങൾ മിക്കവാറും ദ്രവിച്ച് പരിശോധനക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയായിരിക്കും എന്നാണ് നിഗമനം. ഇടുക്കി ആർഡിഒക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. മുതിർന്ന പോലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ എ കെ ഉന്മേഷും ചേർന്നാണ് രണ്ടാംവട്ട പോസ്റ്റുമോർട്ടം നടത്തുന്നത്.