സര്‍ക്കാരിന് താത്പര്യം ജനങ്ങളുടെ പ്രശ്‌നപരിഹാരത്തില്‍ -മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 535 കോടി രൂപ ലഭിച്ചിട്ടുണ്ട്.
തിരുവനതപുരം : വിവാദങ്ങളിലല്ല, ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും നാടിനെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും. ഒറ്റക്കെട്ടായിനിന്ന് നേരിടേണ്ട ദുരന്തമാണിത്. അത്തരത്തില്‍ ജനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപിച്ചുകൊണ്ടുള്ള നമ്മുടെ നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്തരുത്. ആ നിലയില്‍ മുന്നോട്ടുപോകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ജനങ്ങളുടെ പ്രശ്‌നങ്ങളാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയപാര്‍ടികളില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള യോജിപ്പാണ് നമ്മുടെ അതിജീവനത്തിന്റെ മാര്‍ഗം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും വഴങ്ങിക്കൂടാ. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടുപോകാം. ഇത് തര്‍ക്കങ്ങളുടെയല്ല, യോജിപ്പിന്റെയും കൂട്ടായ്മയുടെയും സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹായങ്ങള്‍ തുടരുന്നു
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നത് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തിന്റെ ഇടപെടലുകളെ അഭിനന്ദിച്ച് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സുപ്രീംകോടതി ജീവനക്കാര്‍ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കണമെന്നാണ്. ഇതിനുള്ള നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സാധാരണ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കാറുള്ളത് എന്നതിനാലാണ് ഇങ്ങനെ നിര്‍ദേശിച്ചത്.
തിരുവോണ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എല്ലാ ദിവസത്തെയുമെന്നപോലെ നടക്കും. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവുമില്ലാത്തവിധം ഓഫീസുകളുടെ പ്രവര്‍ത്തനം നടത്തണമെന്ന തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 535 കോടി രൂപ ലഭിച്ചിട്ടുണ്ട്.
പൊതുമേഖലാസ്ഥാപനങ്ങളും പ്രളയക്കെടുതിയില്‍ നമ്മെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു. ഭാരത് പെട്രോളിയം 25 കോടി രൂപ സംഭാവന നല്‍കി. ഇന്ത്യന്‍ ബാങ്ക് നാലുകോടി രൂപയും നല്‍കി.
വഴിയില്‍ ആളുകളെ തടഞ്ഞു അനധികൃതമായി നടത്തുന്ന പിരിവുകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ യില്‍ നിന്നുള്ള സഹായം സംബന്ധിച്ച് യു.എ.ഇ ഭരണാധികാരിയാണ് പ്രധാനമന്ത്രിയെ വിവരം അറിയിച്ചത്. അത് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
60,593 വീടുകള്‍ വൃത്തിയാക്കി
മഴക്കെടുതിയില്‍ നാശമായ 60,593 വീടുകള്‍ വൃത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. പ്രധാന വെല്ലുവിളി കന്നുകാലികളുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളുടെ സംസ്‌കരണമാണ്. അത് സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് ചെയ്തുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
21.61 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പ്രവര്‍ത്തനം നിലച്ച 50 സബ്‌സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചു. 16,158 ട്രാന്‍സ്‌ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ് ചെയ്തു. 25.60 ലക്ഷം സര്‍വ്വീസ് കണക്ഷനുകളാണ് തകരാറിലായത്. അതില്‍ 21.61 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.
1,31,683 വീടുകള്‍ താമസയോഗ്യമാക്കി
വെള്ളിയാഴ്ചവരെ പ്രളയക്കെടുതിയില്‍പ്പെട്ട 1,31,683 വീടുകള്‍ താമസയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുങ്ങിപ്പോയ വീടുകളില്‍ 31 ശതമാനമാണ് വാസയോഗ്യമാക്കിയത്.
സ്‌ക്വാഡുകള്‍ തുടര്‍ദിനങ്ങളിലും വീടുവൃത്തിയാക്കല്‍ തുടരും. നല്ല രീതിയിലുള്ള ഈ ജനകീയപ്രവര്‍ത്തനം നാടിന്റെ സാംസ്‌കാരികബോധത്തെയും സാമൂഹ്യനിലവാരത്തെയും കൂടിയാണ് വ്യക്തമാക്കുന്നത്.
തകരാറിലായിരുന്ന 25.6 ലക്ഷംവൈദ്യുതി സര്‍വീസ് കണക്ഷനുകളില്‍ 23.36 ലക്ഷം കണക്ഷന്‍ നല്‍കാനായി.