തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ

0

തിരുവനന്തപുരം: തകര്‍ന്ന വീടുകള്‍ പുനഃസജ്ജമാക്കാന്‍ ബാങ്കുകളുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ പലിശരഹിതമായി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് എത്തുന്നവര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കാന്‍ ഇത് സഹായമാകും. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുണ്ട്. കുടുംബനാഥയുടെ പേരിലാകും വായ്പ ലഭ്യമാക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നദീതടങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, മലയിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങിയവയുണ്ടാകുന്ന സ്ഥലങ്ങള്‍ തുടങ്ങി പ്രകൃതിക്ഷോഭത്തിന് സ്ഥിരമായി ഇരയാകുന്ന പ്രദേശങ്ങളിലെ ആള്‍ക്കാരെ പുനര്‍നിര്‍മാണത്തിന്റെ അവസരത്തില്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പുനഃരധിവസിപ്പിക്കേണ്ടിവരും. അല്ലെങ്കില്‍ ഇത്തരം ദുരിതങ്ങളില്‍ വീണ്ടും പെട്ടുപോകാനിടയുണ്ട്. അതനുസരിച്ച് പ്രാഥമികചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പുനഃരധിവാസത്തിന് ആവശ്യമായ ഭൂമി ലഭ്യമല്ലെന്നത് പ്രശ്നമാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലേ ഇത്തരം കാര്യങ്ങളില്‍ തീരുമാനത്തിലെത്താനാകുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളില്‍നിന്നും സഹായം ലഭ്യമാകുന്നുണ്ട്. ക്യാമ്പുകളില്‍ ഉല്‍പ്പന്നങ്ങളും മറ്റ് സാമഗ്രികളുമായി ജനങ്ങളും സന്നദ്ധസംഘടനകളും എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സഹായങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയമായ യോജിപ്പ് പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു

You might also like

-