കാലവർഷം കനത്തു; വടക്കൻ കോഴിക്കോടും വയനാടും റെഡ് അലേർട്ട് കേരളത്തിൽ അതിശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.ഇടുക്കിയിൽ മുന്ന് ദിവസങ്ങളെയായി മഴ തുടരുകയാണ് ശ്കതമായ മഴയിൽ മൂന്നാർ പെരിയാവാറായിലെ പഴയ താത്കാലിക പാലം ഒലിച്ചു പോയി ദുരന്ത ഭീക്ഷണിയെതുടർന്നു മുന്നാറിൽ രണ്ടു ക്യാമ്പുകൾ തുറന്നു ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു കല്ലാർകുട്ടി മലങ്കര പമ്ബള ഡാമുകൾ തുറന്നു വിട്ടു നദി തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാഭരണകുടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് .

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും. എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 8,9 തീയതികളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്. വയനാട് മാനന്തവാടിയിൽ ഇന്നലെ 15 സെന്‍റി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായി. പലയിടത്തും മഴ തുടരുകയാണ്. വയനാട് കാലവർഷ കെടുതിയിൽ രണ്ട് കുട്ടികൾ മരിച്ചു. മരം വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളും ഭാഗികമായി തകര്‍ന്നു. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, പെരിയാർ, ഭാരതപുഴ, വളപട്ടണം, കുറ്റ്യാടി നദീതീരത്തുള്ള ജില്ലകൾക്ക് കേന്ദ്ര ജല കമ്മീഷൻ വെള്ളപൊക്ക ജാഗ്രതാ നിർദ്ദേശം നൽകി.

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്‍റെ മകൾ ആറ് വയസുകാരി ജ്യോതികയാണ് മരിച്ചത്. ശക്തമായ കാറ്റിൽ കടപുഴകിയ മരം ബാബുവിന്‍റേയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുറിച്യർമല വേങ്ങത്തോട് അഞ്ച് വയസുകാരി ഉണ്ണിമായ തോട്ടിൽ വീണാണ് മരിച്ചത്. റെഡ് അലർട്ടുള്ള വയനാട്ടിൽ മഴ ശക്തമാണ്. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.

നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടി. മലപ്പുറം പോത്തുകല്ലിൽ ചലിയാറിന് കുറുകെയുള്ള മുണ്ടേരി പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു.കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. മലപ്പുറം എടക്കര മുപ്പിനിപ്പാലം മുങ്ങിയതിനെത്തുടർന്ന് ഗതാഗതം നിർത്തിവച്ചു. മലപ്പുറം മേൽമുറിയിൽ യുവാവ് ഷോക്കേറ്റു മരിച്ചു.മേൽമുറി കള്ളാടി മുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.വൈദ്യുതി ലൈനിൽ പൊട്ടിവീണ മര കൊമ്പുകൾ വെട്ടി മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്. കനത്ത മഴ മൂലം നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, കുറുസലങ്ങോട് സ്കൂളുകളിലാണ് ക്യാമ്പുകൾ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രളയ മുന്നറിയിപ്പുഉള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലപ്പുറം ജില്ലയിൽ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ടാണ്. രാത്രിയുണ്ടായ കനത്ത മഴയിൽ തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മുങ്ങി. നഗരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട്ട് ചാലിയാർ, ഇരുവഴഞ്ഞിപ്പുഴ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അട്ടപ്പാടിയിൽ മഴയിൽ തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. പാലക്കാട് തിരുവേഗപുറയില്‍ ഒരുവീട് ഭാഗികമായി തകര്‍ന്നു. വെള്ളിയാങ്കല്‍ റഗുലേറ്ററിന്‍റെ 27 ഷട്ടറുകളില്‍ 25 ഉം തുറന്നു. മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകളും ഉയർത്തി.

കണ്ണൂരില്‍ കുട്ടൻപുഴ പ്രദേശത്ത് ബാരാപോൾ പുഴയിൽ വെള്ളം കയറുകയാണ്. കർണാടക വനത്തിൽ ഉരുൾപൊട്ടിയോയെന്ന് സംശയമുണ്ട്. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമന്ന് നിർദ്ദേശമുണ്ട്. പുലർച്ചെയുണ്ടായ കാറ്റിൽ മലയോര മേഖലയിലും നഗരത്തിലും മരങ്ങൾ കാറ്റിൽ കടപുഴകിയിരുന്നു. കാസര്‍കോട് കാഞ്ഞങ്ങാട്ട് തീരമേഖലയിലാണ് കൂടുതല്‍ നാശനഷ്ടം. ജില്ലയില്‍ പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

എറണാകുളം ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴയാർ, കോതമംഗലം പുഴ, കാളിയാർ എന്നീ പുഴകളിലാണ് ജലനിരപ്പ് ഉയരുന്നത്. ജലനിരപ്പ് പ്രളയ മുന്നറിയിപ്പ് ലെവലിന് അടുത്തെത്തി. താഴ്ന്ന പ്രദേശങ്ങളിലും പുഴക്കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലെ കുട്ടമ്പുഴ, കടവൂർ, നേര്യമംഗലം എന്നീ വില്ലേജുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

You might also like

-