പ്രളയം വിളിച്ചു വരുത്തിയതാര് അണക്കെട്ടുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ
പ്രതിപക്ഷത്തിനു പുറമെ സി.പി.എം എം.എല്‍.എമാരും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതിനെതിരെ രംഗത്തെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് നൂറുകണക്കിനു ജീവനെടുത്ത പ്രളയത്തിനു കാരണമായത് മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്നെന്ന ആരോപണം ശക്തമാകുന്നു.
പ്രതിപക്ഷത്തിനു പുറമെ സി.പി.എം എം.എല്‍.എമാരും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതിനെതിരെ രംഗത്തെത്തി.അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് വയനാട് പത്തനംതിട്ട ജില്ലകളിലും ചെങ്ങന്നൂരും അപ്രതീക്ഷിതമായാണ് പ്രളയമുണ്ടായത്. ഇവിടങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു വിശദാകരണമാണ് കെ.എസ്.ഇ.ബി നല്‍കുന്നത്.വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത് മുന്നറിയിപ്പില്ലാതെയാണ്. ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകള്‍ വെള്ളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളും തകര്‍ന്നു.
ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം തുറന്നത്. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി. പിന്നീട് നാലാമത്തെ ഷട്ടറും തുറന്നു. ഇതൊന്നും മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. മഴ കുറഞ്ഞപ്പോള്‍ ഷട്ടറുകള്‍ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയര്‍ത്തി. ഇക്കാര്യവും ജനങ്ങളെ അറിയിച്ചില്ല. ഇതോടെ വയാനാട്ടിലെ ജനവാസമേഖലകളിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നു. ഷട്ടര്‍ ഉയര്‍ത്തുന്ന കാര്യം കളക്ടറോ വില്ലേജ് ഓഫീസറോ അറിഞ്ഞില്ല. ഷട്ടര്‍ തുറന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി വിശദീകരിക്കുന്നത്. ഒറ്റദിവസം കൊണട്് റിസര്‍വോയറില്‍ 562 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
സംഭരണശേഷിയുടെ 10% വെള്ളമാണ് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത്. വൃഷ്ടിപ്രദേശത്ത് ഒട്ടറെ ഉരുള്‍പൊട്ടലുകള്‍ കൂടി ഉണ്ടായതോടെ തുറക്കുകയല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കെ.എസ്.ഇ.ബി വിശദീകരിക്കുന്നത്. അതേസമയം മാനന്തവാടിയിലെ സി.പി.എം എം.എല്‍.എ ആയ ഒ.ആര്‍ കേളവും മുന്നറിയിപ്പില്ലാതെ ജനങ്ങളെ ദുരിതത്തിലാക്കിയതിനെതിരെ രംഗത്തെത്തി.
അപ്രതീക്ഷിതമായി പ്രളയത്തിലായ പത്തനംതിട്ടയിലും മുന്നറിയിപ്പില്ലാതെയാണ് അണക്കെട്ട് തുറന്നത്. പമ്പ നിറഞ്ഞു കവിഞ്ഞത് 14നു രാത്രിയിലും 15നു പുലര്‍ച്ചെയുമായിരുന്നു. ഈ സമയത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. 15നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വീടുകളിലെല്ലാം വെള്ളത്തിനടയിലായിരുന്നു. മുന്നറിയിപ്പു നല്‍കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ സാവകാശം കിട്ടിയേനെ. അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലെതെയാണെന്ന ആരോപണവുമായി സി.പി.എം എം.എല്‍.എ ആയ രാജു എബ്രാഹാം രംഗത്തെത്തിയിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിപ്പു നല്‍കി ഒഴിഞ്ഞുപോകാന്‍ സമയം നല്‍കണമെന്നാണു ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന പരാതി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.