പ്രളയക്കെടുതി കേരളത്തിന് കേന്ദ്ര സഹായം അപര്യാപ്തം; ആന്റണി
കേരളം നേരിട്ട പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമെ കേരളത്തിന് പര്യാപ്തമായ തുക ലഭിക്കൂ.
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച ധനസഹായം അപര്യാപ്തമെന്ന് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. ‘കേരളത്തിന് നല്‍കിയ സഹായങ്ങള്‍ ചെറുതായി കണക്കാക്കുന്നില്ല, എന്നാല്‍ നിലവില്‍ അനുവദിച്ച തുകയിലും പതിന്മടങ്ങാണ് കേരളത്തിന് ഇപ്പോള്‍ ആവശ്യം’ – ആന്റണി പറഞ്ഞു.
കേരളം നേരിട്ട പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമെ കേരളത്തിന് പര്യാപ്തമായ തുക ലഭിക്കൂ. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി പ്രളയത്തെ ദേശീയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനും സൈന്യത്തിന്റെ സഹായം അനിവാര്യമാണ്, ഇതിനായി കേരള സര്‍ക്കാരും കേന്ദ്രവും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രം 500 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 1924ന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലുതായി കണക്കാക്കുന്ന പ്രളയക്കെടുതിയില്‍ 8,316 കോടിയുടെ നഷ്ടം കേരളത്തിന് ഉണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. കേരളത്തിനായി കൂടുതല്‍ തുക ധനസഹായം കേന്ദ്രം അനുവദിക്കുമെന്ന് രാജ്നാഥ് സിങും ആവശ്യപ്പെട്ടിരുന്നു.