കനത്ത മഴ തുടരുന്നു കോഴിക്കോടും മലപ്പുറത്തും ഉരുൾ പൊട്ടി 11പേരെ കാണാനില്ല
കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലും ഉരുൾപൊട്ടലുണ്ടായി. താമരശേരി കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിനിടെ കുടുംബം ഒഴുക്കിൽപ്പെട്ടു
കോഴിക്കോട്: താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. 11 പേരെ കാണാതായി. അബ്ദുൽ സലീമിന്റെ മകൾ ദിൽന(9) ആണ് മരിച്ചത്. രണ്ട് കുടുംബങ്ങളിലെ 11 പേരെയാണ് കാണാതായത്.
ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്. ഇവരുടെ വീട് മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നുവെന്ന് പോലീസ് അധികൃതർ പറഞ്ഞു.
കരിഞ്ചോലയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പ്രദേശത്ത് ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. പുല്ലൂരാംപാറ ജോയ്റോഡിൽ ഉരുൾപൊട്ടി. എന്നാൽ ആളപായമില്ല. കക്കയം, മങ്കയം, ഈങ്ങപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു.പുല്ലൂരാംപാറ ജോയ്റോഡിൽ ഉരുൾപൊട്ടി. എന്നാൽ ആളപായമില്ല. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു.
ദേശീയ ദുരന്തനിവാരണസേന ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സേന എത്തുന്നത്.