റഫേല്‍ ഇടപാട്; റിലയന്‍സിനെ തിരഞ്ഞെടുത്തത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന മുന്‍ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന കോൺഗ്രസ്സ് ആയുധമാക്കുന്നു

0

ഡൽഹി :റഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയുടെ പ്രസ്താവന വിവാദകൊടുങ്കാറ്റാകുന്നു. ഇന്ത്യ നിര്‍ദ്ദേശിച്ച ഇടനിലക്കാരനുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തുക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഫ്രാന്‍സിന് ഇല്ലായിരുന്നുവെന്നും മുന്‍ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരുമായി റഫേല്‍ ഇടപാടിന്റെ കരാര്‍ ഒപ്പിട്ടത് ഹൊളാണ്ടെയുടെ ഭരണകാലത്തായിരു്ന്നു.

ഹൊളാണ്ടെയുടെ പ്രസ്താവന കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുന്നതാണ്. റഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ബിജെപിക്ക് എതിരെ വലിയ ആരോപണങ്ങളാണ് ഓരോ ദിവസവും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളം പറഞ്ഞ ‘റഫേല്‍ മന്ത്രി’ നിര്‍മ്മലാ സീതാരാമന്‍ രാജിവെയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് പിന്നാലെ നരേന്ദ്ര മോദിയെ ഉന്നം വെച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്ത് എത്തി.

‘അടച്ചിട്ട മുറിയ്ക്കുള്ളില്‍ റഫേല്‍ ഇടപാടില്‍ മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ്. കടത്തിലായ അനില്‍ അംബാനിക്ക് കോടികണക്കിന് ഡോളറിന്റെ ബിസിനസാണ് മോദി നേരിട്ട് ഇടപെട്ട് തരപ്പെടുത്തിയത് എന്ന് ഫ്രാന്‍കോയിസ് ഹൊളാണ്ടെയുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പട്ടാളക്കാരുടെ രക്തത്തെ പോലും അദ്ദേഹം അപമാനിച്ചിരിക്കുകയാണ്’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, മുന്‍ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളി ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം രംഗത്ത് എത്തി. റഫേല്‍ സര്‍ക്കാരുകള്‍ തമ്മുലുള്ള കരാറാണ്. ഡസോള്‍ട്ടും റിലയന്‍സും തമ്മിലുള്ളത് പ്രത്യേക കരാറാണ്. ആ കരാര്‍ ഏത് കമ്പനിക്ക് കൊടുക്കണമെന്നതിന്റെ പൂര്‍ണ അധികാരം ഫ്രാന്‍സിന് ഉണ്ടായിരുന്നു. ഇത് അനുസരിച്ചാണ് റിലയന്‍സില്‍ ഓഫ് ഷോര്‍ നിക്ഷേപം നടത്തി കരാര്‍ നല്‍കാന്‍ ഡസോള്‍ട്ട് തീരുമാനിച്ചതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അവരുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

You might also like

-