ചോദ്യപ്പേപ്പര്‍ ചോര്‍ച്ച നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി
നീറ്റ്, നെറ്റ് പരീക്ഷകളെ ചൊല്ലിയുള്ള വിവാദം. നരേന്ദ്ര മോദിയെ പരിഹസിച്ചും ആർഎസ്എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയ്യേറുന്നതും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.
ഡൽഹി | നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി. പകരം ചുമതല റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. പുതിയ എൻടിഎ ഡയറക്ടര്‍ ജനറലിനെ ഉടൻ നിയമിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.മൂന്നാം നരേന്ദ്ര മോദി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് നീറ്റ്, നെറ്റ് പരീക്ഷകളെ ചൊല്ലിയുള്ള വിവാദം. നരേന്ദ്ര മോദിയെ പരിഹസിച്ചും ആർഎസ്എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയ്യേറുന്നതും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. കഴിവില്ലാത്തവർ ആർഎസ്എസുമായുള്ള അടുപ്പം കാരണം എൻടിഎ അടക്കമുള്ള ഏജൻസികളിൽ എത്തുകയാണെന്ന് രാഹുൽ പറഞ്ഞു. മൂന്നാം മോദി സർക്കാർ നേരിടുന്ന ആദ്യ പ്രതിസന്ധിയായി ചോദ്യ പേപ്പർ ചോർച്ച മാറുമ്പോഴാണ് കോൺഗ്രസും ഇന്ത്യ സഖ്യ നേതാക്കളും നീക്കം കടുപ്പിക്കുന്നത്.
ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ബീഹാർ പൊലീസ്. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പി എസ് സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിൻ്റ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ബീഹാർ പൊലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് ഈക്കാര്യം വ്യക്തമായത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ നാളെ നടക്കും. വിദ്യാർത്ഥികൾക്ക് പുതിയ സെൻ്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെൻ്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തി. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെൻ്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെൻ്ററുകൾ. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്.