ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി
സമയ പരിധി കഴിഞ്ഞിട്ടും പിഡബ്ല്യുസി കരാറിന്‍റെ കരട് സമര്‍പ്പിച്ചിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം.
ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ തീരുമാനം. സമയ പരിധി കഴിഞ്ഞിട്ടും പിഡബ്ല്യുസി കരാറിന്‍റെ കരട് സമര്‍പ്പിച്ചിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. പിഡബ്ല്യുസിയെ ഒഴിവാക്കാന്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസ് വാങ്ങുന്നതാണ് ഇ മൊബിലിറ്റി പദ്ധതി. കണ്‍സല്‍ട്ടന്‍സിക്കും വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കലിനുമാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍പ്പെട്ടതാണെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി.
ഇ മൊബൈലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കുന്നത് എം ശിവശങ്കറിനെ കുറിച്ച് സിപിഎമ്മിലുയര്‍ന്ന വിമര്‍ശങ്ങളെ തുടര്‍ന്നാണെന്നാണ് സൂചന. കരട് സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് ഒഴിവാക്കുന്നത് എന്നാണ് വിശദീകരണമെങ്കിലും ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശിവശങ്കര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സികളെ കുറിച്ച് വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണെന്നാണ് നടപടിയെന്നാണ് സൂചന.
റീബില്‍ഡ് കേരള പദ്ധതിയില്‍ കരിമ്പട്ടികയിലുള്ള കെപിഎംജിയെ കണ്‍സള്‍ട്ടന്‍സി ആക്കിയതിനെതിരെ നേരത്തെ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. റീബില്‍ഡ‍് കേരളയുടെ തന്നെ കീഴിലുള്ള ഇ മൊബിലിറ്റി പദ്ധതിക്ക് പ്രത്യേകമായി പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. പിഡബ്ല്യുസിക്കെതിരെ കേസുകളുണ്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടികയിലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് പിഡബ്ല്യുസി എന്നായിരുന്നു ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം.
സ്വര്‍ണക്കടത്തുകാരുമായി ബന്ധത്തെ തുടര്‍ന്ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് പിഡബ്ല്യുസിയെ സര്‍ക്കാര്‍ പുറത്താക്കുന്നത്. ടെന്‍ഡര്‍ പോലുമില്ലാതെ കണ്‍സള്‍ട്ടന്‍സികളെ കേരളത്തിന്‍റെ വലിയ പദ്ധതികളുടെ ചുമതലയേല്‍പ്പിക്കുന്നതിനെതിരെ പ്രതിപക്ഷ വിമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ശിവശങ്കറുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചുവെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നടപടികളിലെ പാര്‍ട്ടിയുടെ തിരുത്തായി തന്നെ ഈ നടപടിയെ കാണാവുന്നതാണ്