ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ ,471 യുക്രൈൻ സൈനികർ കീഴടങ്ങി
471 യുക്രൈൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകൾ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി.
മോസ്കോ | ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ നിർദേശം നൽകി. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം നൽകിയെന്നാണ് വിവരം. പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുട്ടിൻ റഷ്യയ്ക്കെതിരെ നാറ്റോ (NATO) പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്നും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുന്നതായി പുട്ടിൻ അഭിപ്രായപ്പെട്ടത്. ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി.
471 യുക്രൈൻ സൈനികർ കീഴടങ്ങിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീഴടങ്ങിയ സൈനികരുടെ രേഖകൾ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കൾ തകർത്തുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.നോവോഖ്തീർക്ക,സ്‌മോളിയാനിനോവ, സ്റ്റാനിച്ച്നോ ലുഹാൻസ്‌കോ നഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. പ്ലാവോപോളും പിഷെവിക്കും നിയന്ത്രണത്തിലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളും നഗരങ്ങളും ആക്രമിക്കില്ലെന്ന് ആവർത്തിച്ച് റഷ്യൻ സൈന്യം.
സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും റഷ്യ വ്യക്തമാക്കി. ഖേർസണും ബെർദ്യാൻസ്‌കും പൂർണമായും നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജർ ജനറലുമായ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.ഖേർസണിന് സമീപമുള്ള രണ്ട് നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖേർസൺ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം അതിരൂക്ഷമായിരുന്നു. തെരുവുകളിൽ റഷ്യൻ ടാങ്കുകളും സാധാരണക്കാരുടെ തലയക്ക് മുകളിലൂടെ ഫൈറ്റർ ജെറ്റുകളും പായുന്നതായിരുന്നു സാഹചര്യം.
റഷ്യയ്‌ക്ക് പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറാനായില്ലെന്ന വാദങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് രണ്ട് നഗരങ്ങൾ പിടിച്ചടക്കിയെന്ന പ്രസ്താവനയുമായി റഷ്യ രംഗത്തെത്തിയത്. വടക്കുകിഴക്കൻ യുക്രൈനിലെ ഖാർകീവ് മേഖലയിൽ യുക്രൈന്റെ സൈനിക റെജിമെന്റ് കീഴടക്കിയതായും അവിടെയുണ്ടായിരുന്ന 471 യുക്രെയ്ൻ സൈനികരെ പിടികൂടിയതായും കൊനാഷെങ്കോവ് പറഞ്ഞു. അതേസമയം റഷ്യൻ സേന അപ്രതീക്ഷിതമായ ക്ലേശങ്ങൾ നേരിടുന്നതായും യുദ്ധ കവചങ്ങൾ, വാഹനങ്ങൾ എന്നിവ പ്രയോഗിച്ചതിൽ കനത്ത നഷ്ടം സംഭവിച്ചതായും യുഎസിലെ മുതിർന്ന സേനാംഗങ്ങൾ വിലയിരുത്തി.