യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു
പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും പി.എസ്.സി ക്രമക്കേട് എന്ന് പറയുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് ബറ്റാലിയന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു. അന്ന് നടന്ന പരീക്ഷകളിലെ 7 റാങ്ക് ലിസ്റ്റുകളില്‍ ആദ്യ 100 പേരുടെ മൊബൈൽ രേഖകള്‍ പരിശോധിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കി.
എന്നാല്‍ പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും പി.എസ്.സി ക്രമക്കേട് എന്ന് പറയുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷാ കൺട്രോളർ ഉൾപ്പെടെ പി.എസ്.സിയുടെ ഒരു തരത്തിലുമുള്ള ഇടപെടലുമുണ്ടായിട്ടില്ല. പരീക്ഷാ ഹാളിൽ നടക്കുന്ന അപാകത റിപ്പോർട്ട് ചെയ്യേണ്ടത് ഇൻവിജിലേറ്ററും മറ്റ് ഉദ്യോഗാർഥികളുമാണ്. ഇത്തരത്തിലുള്ള എല്ലാ പരാതികളിലും നടപടിയെടുത്തിട്ടുണ്ടെന്നും പി.എസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.