ഇന്ന് മഹാശിവരാത്രി ബലിതർപ്പണത്തിന് ഒരുക്കളങ്ങൾ പൂർത്തിയായി
ശിവരാത്രി പ്രമാണിച്ച് ആലുവയിലെങ്ങും പൊലീസ് സുരക്ഷയും കർശനമാക്കി. പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ആലുവ | മഹാശിവരാത്രിക്കൊരുങ്ങി ആലുവാ മണപ്പുറം. 148 ബലിത്തറകളാണ് ബലിതർപ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി വരെ ശിവരാത്രിബലിയും അത് കഴിഞ്ഞ് വാവുബലിയുമാണ് നടക്കുക.ശിവരാത്രി പ്രമാണിച്ച് ആലുവയിലെങ്ങും പൊലീസ് സുരക്ഷയും കർശനമാക്കി. പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. ആലുവ അദ്വൈതാശ്രമത്തിലും ശിവരാത്രി ബലിതർപ്പണം ഉണ്ടാകും.കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് മുതൽ നാളെ ഉച്ചവരെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ശിവരാത്രിയോട് അനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ നടക്കുന്ന 99-ാമത് സർവമത സമ്മേളനം ചൊവ്വ വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ആലുവ ശിവരാത്രി മണപ്പുറത്ത് വിശ്വാസികൾ ഇന്ന് രാത്രി 12നുശേഷം ബലിതർപ്പണം നടത്തും.
ബുധൻ രാത്രി 11 വരെ ബലിതർപ്പണം നടത്താം. നൂറ്റമ്പത് ബലിത്തറകളിലായി ഒരേസമയം ആയിരത്തോളംപേർക്ക് ബലിയിടാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് 2000 ചതുരശ്രയടി വിസ്തീർണത്തിൽ പന്തൽ ഒരുക്കിയിട്ടുണ്ട്.
500 പേർക്ക് ഒരേസമയം ഇവിടെ ബലിയിടാം. സുരക്ഷാ സംവിധാനം പരിശോധിക്കാൻ തിങ്കൾ വൈകിട്ട് അഗ്‌നി രക്ഷാസേന പെരിയാറിൽ നിരീക്ഷണം നടത്തി. പൊലീസ് ഡോഗ് സ്ക്വാഡും പ്രത്യേകപരിശോധന നടത്തി.ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം മണപ്പുറത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തി. പൊലീസ്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ് എന്നിവയുടെ താൽക്കാലിക കേന്ദ്രങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും.