പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, രാഷ്ട്രീയ അൽപ്പത്തം കാണിക്കരുത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാര്‍
സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ബിജെപി ഇടപെടുന്നതെന്നും വിഎസ് സുനിൽ കുമാര്‍ കുറ്റപ്പെടുത്തി. ഫെഡറൽ സംവിധാനത്തെ ആകെ ബിജെപി വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു
കോട്ടയം: പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ പേരിൽ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ അൽപ്പത്തം കാണിക്കുകയാണെന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാര്‍. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ട്. അതിനിടെയാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന പേരിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരറിവും കിട്ടിയിട്ടില്ലെന്നാണ് കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന്‍റെ ആരോപണം.
സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ നടത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ അൽപ്പത്തമാണെന്ന് കൃഷിമന്ത്രി കോട്ടയത്ത് ആഞ്ഞടിച്ചു. സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാൻ ബിജെപി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണെന്നും സുനിൽ കുമാര്‍ പറഞ്ഞു.
സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ബിജെപി ഇടപെടുന്നതെന്നും വിഎസ് സുനിൽ കുമാര്‍ കുറ്റപ്പെടുത്തി. ഫെഡറൽ സംവിധാനത്തെ ആകെ ബിജെപി വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന തലത്തില്‍ നടത്തുകയാണെങ്കില്‍ അത് അറിയിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനില്ലേയെന്ന് സുനില്‍ കുമാര്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയെ അറിയിച്ചില്ലെങ്കിലും കൃഷി മന്ത്രിയെ എങ്കിലും അറിയിക്കണം. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്തയക്കാമായിരുന്നു. അറിയിച്ചിരുന്നുവെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെവെച്ച് പദ്ധതി സന്തോഷപൂര്‍വം ഉദ്ഘാടനം ചെയ്യുമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നിട്ടാണ്. അല്ലാതെ കേന്ദ്രം നേരിട്ട് വന്ന് നടപ്പാക്കുകയല്ലെന്നും മന്ത്രി വ്യക്തമാക്കി.