പോലീസ് കൊലപാതകം: ഡിവൈഎസ്പിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

സതീഷ്‌കുമാര്‍, ഷിബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാഹനമിടിച്ച് അരമണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി

0

തിരുവനന്തപുരം: കൊടങ്ങാവിളയില്‍ സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയ പശ്ചാത്തലത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഹരികുമാറിന്റെയും അയാളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ബിനുവിന്റെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫാണ്. സംഭവത്തില്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സതീഷ്‌കുമാര്‍, ഷിബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാഹനമിടിച്ച് അരമണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെട്ടെന്ന് മെഡിക്കല്‍ കോളജിലെത്തിക്കാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അതിന് ശേഷം പത്ത് മിനിറ്റോളം കഴിഞ്ഞാണ് സ്റ്റേഷനില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് സനലിനെ എത്തിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപ്പോഴും വേഗതയില്‍ പോകരുതെന്നും സൈറണ്‍ മുഴക്കരുതെന്നും പൊലീസുകാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആംബുലന്‍സ് ഡ്രൈവര്‍ വെളിപ്പെടുത്തി.
ഡ്യൂട്ടി മാറുന്നതിനായാണ് പൊലീസുകാര്‍ സനലുമായി സ്റ്റേഷനിലേക്കെത്തിയതെന്ന് എസ്‌ഐ പറയുന്നു. ആംബുലന്‍സില്‍ വച്ച് സനലിനെ പൊലീസുകാര്‍ ബലമായി മദ്യം കുടിപ്പിച്ചെന്ന് സനലിന്റെ സഹോദരി അജിത ആരോപിക്കുന്നു.

സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പുറത്തുവന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലിനും വലതുകയ്യുടെ എല്ലിനും പൊട്ടലുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വകുപ്പുതല അന്വേഷണത്തിന്റെ ചുമതല എഐജി വിമലിനാണ്.

അതേസമയം, കേസില്‍ പ്രതിയായ ഡിവൈഎസ്പി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് 14 ന് അറിയിക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സി ജയച്ചന്ദ്രനാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടത്.
കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ചില രാഷ്ട്രീയക്കാര്‍ വ്യക്തിവിരോധം വച്ച് തന്നെ പ്രതിചേര്‍ത്ത് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും ഹരികുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

സനലിന്റെ കൊലപാതകിയായ ഹരികുമാറിനെയും സൃഹൃത്ത് ബിനുവിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ബിനുവിന്റെ വീടിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ വീടിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

You might also like

-