പോളിംഗ് ബൂത്തിൽ സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരേ പോലീസ് നടപടി.
ഹരിദ്വാറിൽ, ബിജെപി ജില്ലാ സെക്രട്ടറി വിശാഖ് തിവാരി ബിജെപി നേതാവ് രവി ജയ്സ്വാൾ എന്നിവരോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്.
ഡൽഹി : ഉത്തരാഖണ്ഡിൽ പോളിംഗ് ബൂത്തിൽ സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരേ പോലീസ് നടപടി. നാലു ബിജെപി നേതാക്കളും ഉൾപ്പെടെ 11 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. പോളിംഗ് ബൂത്തിൽ വെച്ച് ചിത്രമെടുക്കുകയും അത് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുകയും ചെയ്തതിനെത്തുടർന്നായിരുന്നു പൊലീസ് നടപടി. ഹരിദ്വാർ, നൈനിറ്റാൾ എന്നീ രണ്ട് സ്ഥലങ്ങളിലായാണ് സംഭവങ്ങൾ നടന്നത്.
ഹരിദ്വാറിൽ, ബിജെപി ജില്ലാ സെക്രട്ടറി വിശാഖ് തിവാരി ബിജെപി നേതാവ് രവി ജയ്സ്വാൾ എന്നിവരോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകർ കൂടി അറസ്റ്റിലായിട്ടുണ്ട്. നൈനിറ്റാളിൽ, പോളിംഗ് ബൂത്തിനുള്ളിൽ സെൽഫിയെടുത്തതിനെത്തുടർന്നാണ് രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നൈനിറ്റാളിൽ വലിയ സുരക്ഷാ വീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. വോട്ട് ചെയ്യാൻ വരുന്ന പലരും ഫോണുമായി ബൂത്തിലേക്ക് പോകുന്നുണ്ടെന്നും വോട്ടിംഗ് മെഷീൻ്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണ് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ 58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.