ഉരുട്ടിക്കൊല കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി

കേസില്‍ പൊലീസുകാർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. 4, 5, 6 പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ശരിവെച്ചു

0

തിരുവനതപുരം :ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിൽ രണ്ടു പേര്‍ക്ക് വധശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. നാലും അഞ്ചും ആറും പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. കേസില്‍ ഇന്നലെ പൊലീസുകാർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. 4, 5, 6 പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ശരിവെച്ചു.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ സുപ്രധാന വിധി. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാർ, എസ്.വി ശ്രീകുമാർ എന്നിവർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളാണ് തെളിഞ്ഞത്. 4, 5, 6 പ്രതികളായ മുൻ എസ്.പി ഇ.കെ സാബു, ടി.കെ ഹരിദാസ്, ഡി.വൈ.എസ്.പി ടി.അജിത്ത് കുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ ചുമത്തി. മൂന്നാം പ്രതി സോമൻ വിചാരണ വേളയിൽ മരണമടഞ്ഞിരുന്നു.

2005 സെപ്തംബർ 27നാണ് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. മൂന്ന് പൊലീസുകാർ പ്രതികളായിരുന്ന കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അട്ടിമറിച്ചതായി സി.ബി.ഐ കണ്ടെത്തി. 2016 ഒക്ടോബറിൽ ആരംഭിച്ച വിചാരണക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

You might also like

-