.ഉരുട്ടിക്കൊലകേസ്: ആറ് പൊലീസുകാരും കുറ്റക്കാര്‍
13 വര്‍ഷത്തിനു ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ശിക്ഷാ കാലാവധി നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: ഫോര്‍ട്ട‌് പൊലീസ‌് സ‌്റ്റേഷനില്‍ വച്ച‌് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ആറ് പൊലീസുകാരും കുറ്റക്കാര്‍. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. 13 വര്‍ഷത്തിനു ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ശിക്ഷാ കാലാവധി നാളെ പ്രഖ്യാപിക്കും. ഇതിൽ കോൺസ്റ്റബിൾമാരായ ജിതൻ കുമാര്‍, ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. എസ് ഐ അജിത് കുമാർ, സി ഐ ഇ കെ സാബു, അസി. കമീഷണര്‍ ഹരിദാസ്, ശ്രീജിത്ത് എന്നിവർ തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരാണെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജ് നാസർ വിധിച്ചു. മൂന്നാം പ്രതി കെ വി സോമന്‍ വിചാരണക്കിടെ മരിച്ചു. കൊലക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയ ജിതൻ കുമാര്‍, ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു.ജിതൻ കുമാര്‍ ഇപ്പോൾ ക്രൈം റെക്കോർഡ്സ് ബ്യുറോയിലും ശ്രീകുമാർ ക്രൈം ബ്രാഞ്ചിലും ജോലി ചെയ്യുന്നു. സി ഐ സാബു സർവീസിൽ നിന്നും വിരമിച്ചു. ഹരിദാസ് ഐ പി എസ് ലഭിക്കാനുള്ള ശുപാർശ പട്ടികയിൽ ഉള്ളയാളാണ്.2005 സെപ‌്തംബര്‍ 27നാണ‌് സംഭവം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്. സംഭവ ദിവസം വൈകിട്ട് 4 മണിയ്ക്ക് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്നാണ് ഒന്നും രണ്ടും പ്രതികളായ ജിതൻ കുമാറും ശ്രീകുമാറും ഉദയകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ഫോര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുവന്നുവെന്ന‌് സാക്ഷികളായ ഷീജാകുമാരി, സജിത, തങ്കമണി, രാജന്‍ എന്നീ പൊലീസുകാര്‍ കോടതിയില്‍ മൊഴിനല്കി. ലോക്കപ്പില്‍ ഇരുത്തിയ ഉദയകുമാര്‍, ശരീരവേദനയുണ്ടെന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. പാതിരാത്രി ബോധം നഷ്ടപ്പെട്ടു. പിറ്റേന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോൾ മരിച്ചിരുന്നു. തുടര്‍ന്ന‌് എസ‌്‌ഐ അജിത്കുമാര്‍, സിഐ സാബു, അസിസ്റ്റന്റ് കമീഷണര്‍ ഹരിദാസ് എന്നിവര്‍ വൈകിട്ട് നാലരയോടെ ഉദയകുമാറില്‍നിന്ന‌് മോഷണമുതലായ 4020 രൂപ പിടിച്ചെടുത്തു എന്നു കാണിച്ച് വ്യാജ കേസ‌് രജിസ‌്റ്റര്‍ ചെയ‌്തു.ഉദയകുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന സുരേഷ് കുമാര്‍ തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഈ സാക്ഷി പിന്നീട് കൂറുമാറി. ഉരുട്ടിയതില്‍ പറ്റിയ പരിക്കുകള്‍കൊണ്ടാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക് ഡോക്ടര്‍ ശ്രീകുമാരി മൊഴിനല്‍കി. പ്രോസിക്യൂഷനുവേണ്ടി 214 രേഖകളും 12 തൊണ്ടിമുതലും ഹാജരാക്കി.
ആദ്യം ജിതൻ കുമാർ, ശ്രീകുമാർ, സോമൻ എന്നിവർ മാത്രമാണ് കേസിൽ പ്രതികളായിരുന്നത്. എസ‌്‌ഐ അജിത്കുമാര്‍, സിഐ സാബു, അസിസ്റ്റന്റ് കമീഷണര്‍ ഹരിദാസ് എന്നിവരെ പിന്നീട് ഇതിൽ ഉൾപ്പെടുത്തുകയായിരുന്നു.
എന്നാല്‍, കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതികളെ മാപ്പുസാക്ഷിയാക്കി തെളിവുണ്ടാക്കുകയായിരുന്നെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു.ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു ഇന്നലെ കോടതികേസ് പരിഗണിച്ചെങ്കിലും ചില വിശദീകരണങ്ങള്‍ ചോദിച്ച ശേഷം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ജന സൗഹൃദപരമായ പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവർക്കു ഈ വിധി ഒരു പാഠമായിരിക്കണമെന്നു വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.