കോൺഗ്രസ്സിൽ തമ്മിലടി രാജ്യസഭാ സീറ്റ്പി ജെ. കുര്യന് നഷ്ടമായേക്കും.

പി.ജെ കുര്യനെതിരെ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും

0

ഡൽഹി : പി.ജെ കുര്യനെതിരെ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും. അതേസമയം പാർട്ടി പറഞ്ഞാൽ മാറാൻ തയാറാണെന്ന് പി.ജെ.കുര്യൻ. ഇതുവരെ പദവികൾ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്‍ദ്ദേശം.

പിജെ കുര്യൻ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കുര്യന് തന്നെ സീറ്റു നല്കുമെന്ന് ഉറപ്പില്ലെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു . സംസ്ഥാന നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമേ ഇക്കാര്യം ആലോചിക്കൂ. ഒന്നിലധികം പേരുകൾ ഇപ്പോൾ പരിഗണനയിലുണ്ട്. ഷാനിമോൾ ഉസ്മാൻ. പിസി ചാക്കോ, ബെന്നി ബഹന്നാൻ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്.

കുര്യനെന്നായിരുന്നു തീരുമാനമെങ്കിൽ ഇത്രയും വൈകേണ്ട കാര്യമില്ലായിരുന്നു എന്നും എഐസിസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. രണ്ട് കാര്യങ്ങളിൽ ഇതിനകം തീരുമാനം ആയിട്ടുണ്ട്. കുര്യനെ കൂടാതെ എം.എം ഹസൻ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറും. പിപി തങ്കച്ചൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും.

രണ്ടു സ്ഥാനങ്ങളിലേക്കും ആര് എന്ന കാര്യത്തിൽ ഈയാഴ്ചത്തെ ചർച്ചയ്ക്കു ശേഷമേ അവസാന തീരുമാനം ആകു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവരിൽ മാത്രമായി ചർച്ച ഒതുങ്ങി നില്ക്കില്ല. കൂടുതൽ വിശാല ചർച്ച നടന്നേക്കാം. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെവി തോമസ് തുടങ്ങി പല പേരുകൾ ആലോചിക്കുന്നുണ്ട്.

ഒരേ സമുദായത്തിൽ നിന്നുള്ളവർ പിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ആകുന്നതിൽ അപാകതയില്ല എന്നാണ് നിശ്ചയിക്കുന്നതെങ്കിൽ വിഡി സതീശന് സാധ്യതയേറും. കെ മുരളീധരൻ ഈ സ്ഥാനത്തേക്കില്ല എന്നറിയിച്ചിട്ടുണ്ട്. കേരളത്തിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികൾ പലയിടത്തും ഇല്ല. യൂത്ത് കോൺഗ്രസ് പോലും നിശ്ചലമാണെന്നും എഐസിസി വിലയിരുത്തുന്നു.

You might also like

-