വളരാതെ പിളർന്ന് രണ്ടില ജോസ് കെ മാണിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ജോസ് കെ മാണി വിഭാഗം ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കും
കോട്ടയം: അധികാരത്തർക്കത്തെ തുടർന്ന് കേരള കോണ്‍ഗ്രസ് എം പിളര്പ്പിലേക്ക് പിളര്‍പ്പിന് മുന്നോടിയായി ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്. കോട്ടയത്ത് ചേരുന്ന യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം.കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന അധികാര തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിച്ചു. പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്. ഇതുവരെ നടന്നതെല്ലാം അനൗദ്യോഗിക ചര്‍ച്ചകളും സമവായ ശ്രമങ്ങളുമാണെങ്കില്‍ ഇന്ന് ജോസ് കെ മാണി വിഭാഗം ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളില്‍ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം പാര്‍ട്ടിയുടെ ഗതി നിര്‍ണയിക്കും.
സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ജോസ് കെ മാണി വിഭാഗം ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കും. പുതിയ കമ്മിറ്റി പാര്‍ട്ടിയിലെ മറ്റ് സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് പിളര്‍പ്പിന് തൊട്ട് മുൻപും ജോസ് വിഭാഗം നേതാക്കള്‍ പറയുന്നു.
പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതുമാണ് ജോസ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്‍റെ നീക്കം. പാര്‍ട്ടി ചെയര്‍മാന്‍റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കും.
ജോസ് പക്ഷം പാര്‍ട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. അവസാന ലാപ്പില്‍ ജോസ് പക്ഷത്തേക്ക് മാറിയെങ്കിലും മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് ഇന്നത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തേക്കില്ല. ഇത് വരെ മൗനം പാലിച്ചിരുന്ന യുഡിഎഫിലും പിളര്‍പ്പ് പ്രതിസന്ധിയുണ്ടാക്കും. പ്രത്യേകിച്ച് പാല ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ നാളെ ചേരുന്ന നിയമസഭയിലും പിളര്‍പ്പുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ നീളുമെന്ന കാര്യം ഉറപ്പാണ്