ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ജോസ് കെ മാണി വന്നത് ഉപാധികൾ ഇല്ലാതെ എ വിജയരാഘവന്‍

പാലാ സീറ്റിന്‍റെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഉപാധികളില്ലാതെയാകും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുക.

0

തിരുവനതപുരം :ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷമാണ് ശരിയെന്ന നിലപാടാണ് ജോസ് കെ മാണിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. തുടര്‍കാര്യങ്ങള്‍ എല്‍ഡിഎഫ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഉപാധികളില്ലാതെയാകും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുക. എല്‍ഡിഎഫിനൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എന്‍സിപിയുടെ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്ന് പാലാ സീറ്റിനെ കുറിച്ചുള്ള ചോദ്യത്തോട് എന്‍സിപി നേതാവ് ടി പി പീതാംബരന്‍ പ്രതികരിച്ചു. അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പന്‍ യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ചെന്നിത്തലയെ കാപ്പന്‍ വിളിച്ചുവെന്ന ഹസ്സന്‍റെ പ്രസ്താവന ശരിയല്ലെന്നും ടി പി പീതാംബരന്‍ പറഞ്ഞു.യുഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ച അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പനും പറഞ്ഞു.