പെട്ടിമുടി ദുരന്തം: തിരച്ചില്‍ പുരോഗമിക്കുന്നു. രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 63 ആയി
പെട്ടിമുടിയില്‍ ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു പ്രധാനമായും തിരച്ചില്‍.
മൂന്നാർ :പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു. ഇന്നലെ (19) നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിഷ്ണു (8), ഒരു സ്ത്രിയുടെ മൃതദേഹം എന്നിവയാണ്
ഇന്നലെ ( 19) കണ്ടെത്താനായത്. ചൊവ്വാഴ്ച (18) വൈകുന്നേരത്തോടെ കണ്ടെത്തിയ മൃതദേഹവും തിരിച്ചറിഞ്ഞു. മുരുകന്റെ (49) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ദുരന്തത്തില്‍ കാണാതായ 7 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
പെട്ടിമുടിയില്‍ ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു പ്രധാനമായും തിരച്ചില്‍. ചെന്നൈയില്‍ നിന്ന് എത്തിച്ച റഡാര്‍ സംവിധാനത്തിന് പുറമേ തൃശ്ശൂര്‍ സ്വദേശിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ രവീന്ദ്രന്റെ നേതൃത്ത്വത്തില്‍ ഡോസിംഗ് റോഡ് സംവിധാനവും തിരച്ചിലിനുണ്ട്. മണ്ണിനടിയിലെ ശരീര
സാന്നിദ്യം റഡാര്‍, ഡൗസിംഗ് റോഡ് സംവിധാനത്തില്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കേന്ദ്രീകരിച്ച് മണ്ണ് നീക്കം ചെയ്ത് സൂക്ഷമ പരിശോധനയാണ് ഇന്ന് നടത്തിയത്. റഡാര്‍, ഡൗസിംഗ് റോഡ് സംവിധാനം പ്രയോജനപ്പെടുത്തിയുള്ള തിരച്ചിലില്‍ മണ്ണിനടിയില്‍ നിന്ന് നായയുടെ ജഡം കൂടി കണ്ടെടുക്കാനായി. ഡൗസിംഗ് റോഡ്, റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ മുഴുവന്‍ പേരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ സംഘം.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ച് ഇന്നും (19) ഊര്‍ജിതമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഗ്രാവല്‍ ബങ്ക് സമീപത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ചത്തെ അനുകൂലമായ കാലാവസ്ഥയും റെഡാര്‍ സേവനവും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി.
മണ്ണിനടിയില്‍ ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാര്‍, ഡൗസിംഗ് റോഡ് സംവിധാനമാണ് തിരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ നായകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നായകള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം അവസാനിപ്പിച്ചത്.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. തിരച്ചില്‍ സംഘത്തിന് എല്ലാ വിധ സഹായങ്ങളൊരുക്കി പ്രദേശവാസികളും റവന്യു – ആരോഗ്യ വകുപ്പും മേഖലയിലുണ്ട്.
തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് എം.എല്‍.എ എസ് രാജേന്ദ്രന്‍, സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണ, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരും പെട്ടിമുടിയില്‍ ഉണ്ട്.