സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കു: പിണറായി
35 ഓളം പോലീസുദ്യോഗസ്ഥരെ SP മുതല്‍ മുകളിലോട്ടുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്
തിരുവനതപുരം :പോലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നിയമിച്ചിട്ടുള്ളത് 20.6.1979ലെ സര്‍ക്കാര്‍ ഉത്തരവ് No.86/79/ആഭ്യന്തരം നമ്പര്‍ ഉത്തരവിന്റെയും കേരളാ സംസ്ഥാന പോലീസ്‌മേധാവി പുറപ്പെടുവിച്ചിട്ടുള്ള എക്‌സിക്യൂട്ടിവ് ഡയറക്ടീവ് No.3/2002 ന്റെയും അടിസ്ഥാനത്തിലാണ്.
വിശിഷ്ട വ്യക്തികളുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സുരക്ഷാ അവലോകന സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ്. 1) അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), 2) സംസ്ഥാന പോലീസ് മേധാവി, 3) ഇന്റലിജന്‍സ്, ഡയറക്ടര്‍/അഡീഷണല്‍ ജനറല്‍ ഓഫ് പോലീസ്, 4) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍/ഇന്‍സ്‌പെക്ടര്‍/ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി.ഐ.ജി. സെക്യൂരിറ്റി, 5) ജോയിന്റ്/ഡെപ്യൂട്ടി ഡയറക്ടര്‍ സബ്‌സിഡിയറി ഇന്റലിജന്‍സ് മേധാവി എന്നിവരാണ് ഈ സമിതിയിലുള്ളത്. ഇതില്‍ ജോയിന്റ്/ഡെപ്യൂട്ടി ഡയറക്ടര്‍ സബ്‌സിഡിയറി ഇന്റലിജന്‍സ് മേധാവി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. ഈ സമിതി ഇതു സംബന്ധിച്ച അവലോകനം എല്ലാ ആറ് മാസം കൂടുമ്പോഴും നടത്തിവരുന്നുണ്ട്.
DYSP റാങ്കിലുള്ള ഉദ്യോഗസ്ഥന് അയാളുടെ അധികാരാതിര്‍ത്തിയില്‍ നിന്നും ഒരു സിവില്‍ പോലീസ് ഓഫീസറേയും SP റാങ്കിലുള്ള ഉദ്യോസ്ഥന് രണ്ട് CPO മാരേയും DIG മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ട് CPO/SCPO മാരേയും സുരക്ഷാ ഡ്യൂട്ടിയ്ക്കായി നിയോഗിക്കാവുന്നതാണ്.
നിലവില്‍ 335 ഓളം പോലീസുദ്യോഗസ്ഥരെ SP മുതല്‍ മുകളിലോട്ടുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 11.05.2018ന് സംസ്ഥാന സുരക്ഷാ സമിതിയുടെ യോഗം സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് റിവ്യൂ നടത്തുകയും വിവിധ തലങ്ങളിലുള്ള 15 പേര്‍ക്ക് സുരക്ഷാ സംവിധാനം ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ നടപടിക്രമം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ കാലാകാലങ്ങളില്‍ സുരക്ഷ ആവശ്യമുള്ളവര്‍ക്ക് അതു നല്‍കുകയാണ് ചെയ്യുന്നത്.
കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് വ്യക്തികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും നേതാക്കന്മാര്‍ക്കും അവര്‍ വഹിക്കുന്നതോ വഹിച്ചിരുന്നതോ ആയ പദവികള്‍ മൂലവും നിലപാടുകള്‍ മൂലവും ഭീകരവാദികളില്‍ നിന്നോ തീവ്രവാദികളില്‍ നിന്നോ മതമൗലീക വാദികളില്‍ നിന്നോ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ ആയവര്‍ക്ക് സംസ്ഥാന ഗവ. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. കൂടാതെ ഉന്നത പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ വഹിക്കുന്ന പദവികള്‍ പരിഗണിക്കാതെ അവര്‍ക്ക് പക്ഷപാത രഹിതവും ദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളു ന്നതിന് സുരക്ഷ ഒരുക്കേണ്ടതായിട്ടുണ്ട്.
നിലവില്‍ 8.3.2018 -ല്‍ കൂടിയ സുരക്ഷ അവലോകന സമിതിയുടെ(SRC) ശുപാര്‍ശ പ്രകാരം 11.5.2018-ല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് No.1382/2018/ആഭ്യന്തരം നമ്പര്‍ പ്രകാരമാണ് വിശിഷ്ട വ്യക്തികള്‍ക്കും ന്യായധിപന്മാര്‍ക്കും വ്യക്തികള്‍ക്കും മറ്റും സുരക്ഷ നല്‍കിവരുന്നത്. സംസ്ഥാനത്ത് ന്യായാധിപന്മാരുടെ സുരക്ഷക്കായി 173 പോലീസ് ഉദ്യോഗസ്ഥരെയും നിയമോപദേശകരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും സുരക്ഷക്കായി 26 പേരെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷക്കായും 388 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
വിശിഷ്ട വ്യക്തികളെ അവര്‍ നേരിടുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ Z+, Z, Y+, Y, X, A & B എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. നിലവില്‍ ഉള്ള ഉത്തരവ് പ്രകാരം 191 പേര്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്.