കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

 ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ്

0

കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാ ഐടിഐകളുടെയും നിലവാരമുയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒമ്പത് പുതിയ ഐടിഐകള്‍ ആരംഭിച്ചു. അഞ്ച് പുതിയ ഐടിഐ ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.  2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ  ഉദ്ഘാടനം  നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഐടിഐകളിലെ പഠനനിലവാരം ഉയര്‍ത്താനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി കാലത്തിനനുസൃതമായ ട്രേഡുകള്‍ ആരംഭിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴില്‍നൈപുണ്യവികസനത്തിനുള്ള പദ്ധതികളും നടപ്പാക്കും. ഐടിഐകളില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൊഴില്‍അവസരങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്ലേസ്‌മെന്റ് സെല്ലുകള്‍ ശക്തിപ്പെടുത്തിയും തൊഴില്‍മേളകള്‍ സംഘടിപ്പിച്ചും പരമാവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നുണ്ട്. സ്‌പെക്ട്രം തൊഴില്‍മേളകള്‍ വഴി 13,291 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

വ്യാവസായികപരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയാണ്. വനിതാ ഐടിഐകളില്‍ സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ കൂടുതലായുള്ള ഐടിഐകളില്‍ നടപ്പാക്കിയ  ഉച്ചഭക്ഷണപദ്ധതി ഘട്ടംഘട്ടമായി എല്ലാ ഐടിഐകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.  എല്ലാ ഐടിഐകളിലും നിലവില്‍ പോഷകാഹാരപദ്ധതി  നടപ്പാക്കിക്കഴിഞ്ഞു.

പരിശീലനാര്‍ഥികളുടെ നൂതനമായ ആശയങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കും. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കും.

യുവതലമുറയ്ക്ക്  പരമാവധി  തൊഴില്‍അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ ജോബ് പോര്‍ട്ടലിന് രൂപം നല്‍കിയത്. തൊഴിലന്വേഷകരും തൊഴില്‍ദായകരും ഒരേ കുടക്കീഴിലെത്തുന്ന ജോബ് പോര്‍ട്ടല്‍ അവസരങ്ങളുടെ വലിയ സാധ്യതകളാണ് തുറന്നുതരുന്നത്.

വ്യാവസായികപരിശീലനത്തിനും തൊഴില്‍നൈപുണ്യവികസനത്തിനുമുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

You might also like

-