പയ്യോളി മനോജ് വധക്കേസ്: 27 സി.പി.എം പ്രവർത്തകർക്കെതിരെ സി.ബി.ഐയുടെ കുറ്റപത്രം
കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി ജോസി ചെറിയാൻ, സി.ഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സി.ബി.ഐ റിപ്പോർട്ട് നൽകി. കേസിലെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കൊച്ചി :പയ്യോളി മനോജ് വധക്കേസിൽ 27 സി.പി.എം പ്രവർത്തകർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ കേരള പൊലീസ് മുഖ്യപ്രതികളാക്കിയിരുന്ന അജിത്, ജിതേഷ് എന്നിവരെ സി.ബി.ഐ മാപ്പുസാക്ഷികളാക്കി.കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി ജോസി ചെറിയാൻ, സി.ഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സി.ബി.ഐ റിപ്പോർട്ട് നൽകി. കേസിലെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
2012 ഫെബ്രുവരി 12നാണ് ബി.എം.എസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ മനോജിനെ പയ്യോളിയിലെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസ് കേസിൽ പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കസ്റ്റഡിയിലിരിക്കെ താൻ ഡമ്മി പ്രതിയാണെന്നും യഥാർഥ പ്രതികളെ പാർട്ടി മാറ്റിയെന്നും അജിത്ത് പറഞ്ഞിരുന്നു. മനോജിന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. 2016ൽ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു