കീഴാറ്റൂര്‍ സമരമുഖത്ത് നിന്നുംവയല്‍ക്കിളികള്‍ പിന്മാറുന്നു
വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമവാസികൾ രംഗത്തുവന്നു. തികഞ്ഞ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്ന ഈ പരിസ്ഥിതി പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പം മാറി. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ സമരക്കാരിൽ ഒരു വിഭാഗം ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു.
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നു. സമരരംഗത്തുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി. അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറയുന്നത്. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറുന്നത്.
തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതി കുടൂമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്നങ്ങളും ഒഴിവാക്കാനായാണ് ബൈപ്പാസ് റോഡിന്റെ സാധ്യത സർക്കാർ പരിശോധിച്ചത്. തുടർന്ന് നടത്തിയ പഠനങ്ങൾക്കും സർവ്വേക്കും ഒടുവിൽ കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ വഴി ബൈപ്പാസ് നിർമ്മിക്കാനുള്ള പദ്ധതി തയ്യാറായി.എന്നാൽ ഈ പാത വഴി ബൈപ്പാസ് നിർമ്മിച്ചാൽ നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പാതയുടെ അലൈൻമെന്റ് കീഴാറ്റൂരിലെ വയൽ വഴി പുനർനിർണയിച്ചു. പുതിയ പാതയിലൂടെ ബൈപ്പാസ് വന്നാൽ മുപ്പതോളം വീടുകൾ മാത്രം പൊളിച്ചാൽ മതിയെന്നായിരുന്നു ഇതിനുള്ള പ്രധാനകാരണം. എന്നാല്‍ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂർ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം ആരംഭിച്ചു.
വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമവാസികൾ രംഗത്തുവന്നു. തികഞ്ഞ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്ന ഈ പരിസ്ഥിതി പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പം മാറി. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ സമരക്കാരിൽ ഒരു വിഭാഗം ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു.
എന്നാൽ സിപിഎം പ്രവർത്തകനായിരുന്ന സുരേഷ് കീഴാറ്റൂരിന്‍റെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രദേശവാസികൾ വയൽക്കിളികൾ എന്ന പേരിൽ സമരം ശക്തമാക്കി. സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതിനോടകം തന്നെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. വിഷയത്തിൽ സജീവമായി ഇടപെട്ട ബിജെപി സുരേഷ് കീഴാറ്റൂരുമായി ദില്ലിയിലെത്തുകയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു.
ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിഞ്ഞിരുന്നു. ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞതോടെ സമരം വാർത്തകളിലൊതുങ്ങി. ഇപ്പോള്‍ ഭൂമിയും കൈമാറി നിയമപോരാട്ടം എന്ന നയത്തിലേക്ക് മാറുകയാണ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സമരത്തിന്‍റെ മുന്നണിപോരാളികളായ വയല്‍ക്കിളികള്‍