പങ്കജ മുണ്ടെ ബി ജെ പി വിട്ട് ശിവസേനയിലേക്ക്

ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് അനുഭാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ മുണ്ടെക്ക് 12 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന.

0

മുംബൈ :മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘ബി.ജെ.പി’ വിശേഷണം നീക്കം ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ, വാട്‌സ് ആപ്പ് ഡിപിയില്‍ നിന്നും മാറ്റിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പങ്കജ മുണ്ടെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേനയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ബയോ മാറ്റമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് അനുഭാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ മുണ്ടെക്ക് 12 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന.

ഭാവിപരിപാടികള്‍ സംബന്ധിച്ച് സൂചന നല്‍കുന്ന കുറിപ്പ് കഴിഞ്ഞ ദിവസം അവര്‍ ഫേസ്ബുക്കില്‍ മറാത്തി ഭാഷയില്‍ പങ്കുവെച്ചിരുന്നു. പാര്‍ട്ടി വിടാതിരിക്കാന്‍ തന്നെ നിയമസഭ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കുകയോ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കുകയോ ചെയ്യണമെന്നാണ് പങ്കജ മുണ്ടെയുടെ ആവശ്യം. 12 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെയോട് തെരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി നേതാക്കളില്‍ ചിലര്‍ എതിരേ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. ഫഡ്‌നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ പങ്കജ് മുണ്ടെയുടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതും പാര്‍ട്ടി മാറ്റം സൂചിപ്പിക്കുന്നതാണ്. 170 പേരല്ല 182 പേരിലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. പങ്കജ് മുണ്ടെയുടെ പുതിയ നീക്കം ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി തന്നെയാകും മഹാരാഷ്ട്രയില്‍ നല്‍കുക.

You might also like

-