പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കും തിരകളുമായി പിടിയിൽ
ഏഴു റൗണ്ട് തിരകളാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല
പാലക്കാട് : പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ എസ് ബി എ തങ്ങളെ തോക്കും തിരകളുമായി കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. ബംഗളൂരുവിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ തങ്ങളുടെ ബാഗ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് താേക്കും തിരകളും കണ്ടെത്തിയത്. ഏഴു റൗണ്ട് തിരകളാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ സി ഐ എസ് എഫിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സി ഐ എസ് എഫ് തങ്ങളെ വിശദമായി ചോദ്യംചെയ്യുകയാണ്.
പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.പാലക്കാട്ടെ പ്രമുഖ നേതാവായ കെ എസ് ബി എ തങ്ങൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി കൂടിയാണ്. ചികിത്സാർത്ഥമാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയതെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. ഇദ്ദേഹത്തിനോ ബന്ധുക്കൾക്കോ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസില്ല എന്നാണ് ലഭിക്കുന്ന വിവരം.