പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
. ‘എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കൊള്ളക്കാരുടെ ഇറക്കുമതി ചെയ്ത സർക്കാരിനെ നിരാകരിക്കാൻ ഇത്രയധികം ആളുകൾ സ്വയം രംഗത്തിറങ്ങിയിട്ടില്ല
ഇസ്ലമാബാദ്| പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പാക്‌ദേശീയ അസംബ്ലിയിൽ നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ സ്ഥാനാർത്ഥിയായ വൈസ് ചെയർമാൻ ഷാ മുഹമ്മദ് ഖുറേഷിയും നാമനിർദ്ദേശം സമർപ്പിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ ഷഹബാസ് ഷെരീഫ്പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.ഇതിനിടെ പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ ഇമ്രാൻ ഖാൻ അനുകൂലികൾ പ്രതിഷേധിച്ച് ഇറങ്ങിയിരിക്കുകയാണ്.
Never have such crowds come out so spontaneously and in such numbers in our history, rejecting the imported govt led by crooks. pic.twitter.com/YWrvD1u8MM
— Imran Khan (@ImranKhanPTI) April 10, 2022
ഇസ്ലമാബാദ്, കറാച്ചി, പെഷാവർ, ക്വെറ്റ അടക്കം 12 നഗരങ്ങളിലാണ് കൂറ്റൻ പ്രതിഷേധം. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ ഇമ്രാൻ ഖാനും പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കൊള്ളക്കാരുടെ ഇറക്കുമതി ചെയ്ത സർക്കാരിനെ നിരാകരിക്കാൻ ഇത്രയധികം ആളുകൾ സ്വയം രംഗത്തിറങ്ങിയിട്ടില്ല’. എന്നാണ് വീഡിയോ പങ്കുവെച്ച് ഇമ്രാൻ ഖാൻ കുറിച്ചത്.പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമെന്ന് വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ പാക്കിസ്താനിലെ ജനങ്ങളോട് താൻ എന്നും നന്ദി ഉള്ളവാനായിരിക്കുമെന്നും പറഞ്ഞു. അതേസമയം ഷെഹ്ബാസ് ഷെരീഫിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കുമെതിരെ കുറ്റം ചുമത്തുമെന്നാണ് സൂചന. ഇന്ന് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ചേരുന്നത്.