കൃഷിനാശവും കടബാധ്യതയും കർഷകൻ ആത്മഹത്യചെയ്തു

കൃഷി നഷ്ടമായതോടെ രാജീവിന്റെ സമനില തെറ്റിയത് പോലെയാണെന്ന് അമ്മ പറയുന്നു.വേനൽ മഴയിൽ നെൽ കൃഷി വെള്ളത്തിലാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് ബെഞ്ചമിനും പറഞ്ഞു

0

തിരുവല്ല | കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജീവ് ആത്മഹത്യചെയ്തത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കുടുംബം. തുടർച്ചയായുള്ള കൃഷിനാശം രാജീവന്റെ സമനില തെറ്റിച്ചുവെന്ന് അമ്മ ശാന്തമ്മ പറഞ്ഞു. പത്തേക്കർ ഭൂമി പാട്ടത്തിനെടുത്താണ് രാജീവ് കൃഷി ചെയ്തിരുന്നത്. ഇവയെല്ലാം വെള്ളം കയറി നശിച്ചു. സ്വർണ്ണം പണയം വെച്ചും പണം പലിശയ്‌ക്ക് വാങ്ങി. കൃഷി നഷ്ടമായതോടെ രാജീവിന്റെ സമനില തെറ്റിയത് പോലെയാണെന്ന് അമ്മ പറയുന്നു.വേനൽ മഴയിൽ നെൽ കൃഷി വെള്ളത്തിലാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് ബെഞ്ചമിനും പറഞ്ഞു. വെള്ളം കയറി നെല്ല് കൊയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. രാജീവ് പാട്ട ഭൂമിയിലാണ് കൃഷി ചെയ്തത്. കൊയ്‌ത്ത് യന്ത്രങ്ങൾ പാടത്തേയ്‌ക്ക് ഇറങ്ങാൻ പോലും കഴിയാത്ത നിലയിൽ പാടത്ത് വെള്ളം കയറിയിരുന്നു. കാറ്റത്തും മഴയത്തും നെല്ല് മുഴുവൻ നഷ്ടമാവുകയും ചെയ്തുവെന്ന് ബെഞ്ചമിൻ പറഞ്ഞു.

രാജീവിനെ പോലെ നിരവധി കർഷകർക്ക് ഇത്തരത്തിൽ നാശ നഷ്ടം വന്നിട്ടുണ്ട്. പത്ത് ഏക്കറോളം കൃഷിയിടത്തിൽ എട്ട് ഏക്കറോളം കൃഷി നിശിച്ചിട്ട് സംസ്ഥാന സർക്കാരിൽ നിന്നും രണ്ടായിരം രൂപ മാത്രമാണ് ലഭിച്ചത്. മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് രാജീവ് അടക്കമുള്ള കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് രാജീവ് കൃഷിയിടത്തിൽ വെച്ച് ആത്മഹത്യ ചെയ്യുന്നത്.

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പ്രളയത്തിലും മഴയിലും നിരവധി കർഷകർ പ്രതിസന്ധിയിലാകുന്നുണ്ട്. പണം പലിശയ്‌ക്കെടുത്തും ബാങ്കിൽ നിന്നും വായ്പ്പയ്‌ക്കെടുത്തുമൊക്കെയാണ് ഇവർ പാടത്ത് കൃഷിയിറക്കുന്നത്. എന്നാൽ കൃഷി നശിക്കുന്നത് മൂലം ഇവർക്ക് ആവശ്യമായ നഷ്ടപരിഹാരം സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുകയോ മുന്നോട്ട് പോകാനുള്ള പിന്തുണ ലഭിക്കുകയോ ചെയ്യുന്നില്ല എന്നതാണ് കർഷകരുടെ ആത്മഹത്യയ്‌ക്ക് പ്രധാന കാരണം.

അതേസമയം തിരുവല്ലയിലെ കര്‍ഷകന്‍റെ ആത്മഹത്യ വേദനിപ്പിക്കുന്നതെന്ന് മന്ത്രി പി പ്രസാദ് . കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഇന്‍ഷൂറന്‍സിന്‍റെ വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി

-

You might also like

-